നീതി, കോൺഗ്രസിന്റെ പ്രധാന ഗാരന്റി
text_fieldsന്യൂഡൽഹി: സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയാൻ നിഷ്പക്ഷതാ ഗാരന്റിയുമായി കോൺഗ്രസ് പ്രകടനപത്രിക. സ്ത്രീകള്‍, യുവാക്കള്‍, ഉദ്യോഗാർഥികള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍ തുടങ്ങിയവർക്കായി ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച അഞ്ച് ന്യായ് പദ്ധതികളിൽ ഊന്നിയുള്ള കോൺഗ്രസ് പ്രകടനപത്രികക്ക് പാർട്ടി പ്രവർത്തക സമിതി അംഗീകാരം നൽകി. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അധ്യക്ഷനായ സമിതി തയാറാക്കിയ പ്രകടനപത്രിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്തിമ അനുമതിക്കു വിധേയമായി അടുത്തദിവസം പുറത്തിറക്കും.
അഞ്ച് ന്യായ് പദ്ധതികളിലായി 25 ഗാരന്റികളാണ് രണ്ടുമാസം നീണ്ട ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. സാമൂഹിക-സാമ്പത്തിക- ജാതി സെൻസസ്, പട്ടികജാതി-പട്ടിക വർഗ പ്രത്യേക ബജറ്റ് വിഹിതം, കർഷക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്നതിന് സ്വാമിനാഥൻ കമീഷൻ ഫോർമുല, കർഷക ലോൺ എഴുതിത്തള്ളാൻ കമീഷൻ, കാർഷിക വിളകൾക്ക് ജി.എസ്.ടി ഒഴിവാക്കൽ, നിർധനരായ സ്ത്രീകൾക്ക് പ്രതിവർഷം ലക്ഷം രൂപ, ആശ വർക്കർമാർക്കും അംഗൻവാടി ജീവനക്കാർക്കും ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകൾക്കുമുള്ള വിഹിതം ഇരട്ടിയാക്കൽ, യുവാക്കൾക്ക് സർക്കാർ, പൊതുമേഖലകളിലായി 30 ലക്ഷം തൊഴിൽ, ചോദ്യപേപ്പർ ചോർത്തൽ തടയൽ, അസംഘടിത തൊഴിലാളികൾക്ക് ലൈഫ്- അപകട ഇൻഷുറൻസ്, സർക്കാർ ജോലികളിലെ കോൺട്രാക്ട് വത്കരണം അവസാനിപ്പിക്കൽ തുടങ്ങി ഭാരത് ജോഡോ ന്യായ് യാത്ര അവതരിപ്പിച്ച ഗാരന്റികൾ താഴേത്തട്ടിൽ എത്തിക്കുമെന്ന് പ്രവർത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പ്രകടനപത്രികയിൽ ഉറപ്പുനൽകുന്ന ഗാരന്റികളെല്ലാം അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും കെ.സി. വേണുഗോപാൽ വിശദീകരിച്ചു. ചൊവ്വാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ പങ്കെടുത്തു.
ഗാരന്റി ആദ്യം അവതരിപ്പിച്ചത് കോൺഗ്രസ്
ന്യൂഡൽഹി: പൊതുജനത്തിന് സർക്കാർ നൽകുന്ന ഗാരന്റി ആദ്യമായി അവതരിപ്പിച്ചത് കർണാടക തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച ഗാരന്റി മറ്റു പലരും കോപ്പിയടിക്കുകയാണെന്നും മോദിയുടെ ഗാരന്റി ചൂണ്ടിക്കാട്ടിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മറുപടി നൽകി.
കോൺഗ്രസിന്റെ ഗാരന്റി നടപ്പാക്കുന്ന ഗാരന്റിയാണ്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഉറപ്പുകൾ നടപ്പാക്കിയിട്ടുണ്ട്. തെലങ്കാനയിൽ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളിൽ 30,000 തൊഴിലുകളാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. തങ്ങളുടേത് ഒരു പാർട്ടിയുടെ, ഒരു ആശയത്തിന്റെ ഗാരന്റിയാണെന്നും വ്യക്തിയുടേതല്ലെന്നും മോദിയുടെ ഗാരന്റിയെ പരിഹസിച്ച് എ.ഐ.സി.സി വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.