രാജസ്ഥാനിൽ കോൺഗ്രസിന്റെ ഗാരന്റി യാത്ര
text_fieldsരാജസ്ഥാനിൽ നൽകിയ വാഗ്ദാനങ്ങൾ വോട്ടാക്കി മാറ്റാൻ ‘ഗാരന്റി യാത്ര’യുമായി കോൺഗ്രസ്. പ്രചാരണം സമാപിക്കുന്ന 23 വരെയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഗാരന്റി യാത്ര നടക്കും. ജയ്പൂരിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ഗാരന്റി യാത്രക്ക് ചൊവ്വാഴ്ച തുടക്കമിട്ടു.
ഗെഹ്ലോട്ടും കോൺഗ്രസ് സംസ്ഥാന ചുമതല വഹിക്കുന്ന സുഖ്ജിന്ദർ സിങ് രൺധാവയും മോത്തി ദംഗാരി ഗണേശ ക്ഷേത്രത്തിലെത്തി നടത്തിയ പ്രാർഥനക്ക് പിന്നാലെയായിരുന്നു ഇത്. ഒട്ടേറെപേർ പദയാത്രയായി ഗാരന്റി യാത്രയിൽ പങ്കെടുത്തു. ബസിലായിരുന്നു ഗെഹ്ലോട്ടും മറ്റ് നേതാക്കളും അനുഗമിച്ചത്.
പ്രധാനമായും സ്ത്രീ വോട്ട് ലക്ഷ്യമിടുന്ന ഏഴ് ഉറപ്പുകളാണ് തുടർഭരണം കിട്ടാൻ കോൺഗ്രസ് വോട്ടർമാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്. കുടുംബനാഥക്ക് പ്രതിവർഷം ഗഡുക്കളായി 10,000 രൂപ, 500 രൂപക്ക് പാചക വാതക സിലിണ്ടർ തുടങ്ങി സ്ത്രീ വോട്ട് സ്വാധീനിക്കുന്ന വാഗ്ദാനങ്ങൾക്ക് പുറമെ, കർഷകരെ സഹായിക്കാൻ രണ്ടുരൂപക്ക് ചാണകം സർക്കാർ വാങ്ങുമെന്ന വാഗ്ദാനവും ഗെഹ്ലോട്ട് സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയുടെ പ്രയോജനം കിട്ടാൻ നിയമനിർമാണം, സർക്കാർ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് അല്ലെങ്കിൽ ടാബ്ലറ്റ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിന് ഒരു കുടുംബത്തിന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
വോട്ട് നേടാൻ പ്രീണനത്തിന്റെ എല്ലാ അതിരുകളും കോൺഗ്രസ് ലംഘിച്ചുവെന്നാണ് രാജസ്ഥാനിൽ ചൊവ്വാഴ്ച പ്രചാരണത്തിനെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത്. അഴിമതിക്ക് ദുഷ്പേര് കേട്ട സർക്കാറിനെയാണ് ഗെഹ്ലോട്ട് നയിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം 70 വർഷം സ്തംഭിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. അവിടെ ഭൂമിപൂജ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.