പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് 'ഗിന്നസ് ഫാമിലി ഓഫ് ഹൈദരാബാദ്'
text_fieldsഹൈദരാബാദ്: പുതിയ റെക്കോർഡുകൾ വീണ്ടും സ്വന്തമാക്കി'ഗിന്നസ് ഫാമിലി ഓഫ് ഹൈദരാബാദ്'. ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് (GITAM) സർവകലാശാലയിലെ പൂർവ്വ വിദ്യാർഥി ശിവാലി ജോഹ്‌രി ശ്രീവാസ്തവയും മാതാപിതാക്കളായ അനിൽ ശ്രീവാസ്തവയും കവിത ജോഹ്‌രി ശ്രീവാസ്തവയും ഉൾപ്പെട്ട കുടുംബമാണ് വീണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
3,400 ഒറിഗാമി മയിലുകൾ, 4,400 ഒറിഗാമി ഷർട്ടുകൾ, 3,200 ഒറിഗാമി പന്നികൾ എന്നിവയുടെ ഏറ്റവും വലിയ പ്രദർശനമാണ് ഇവരുടെ ഏറ്റവും പുതിയ നേട്ടം. കുടുംബം സമർപ്പിച്ച വിഡിയോ ഗിന്നസ് ബുക്ക് അധികൃതർ വിലയിരുത്തിയതിന് ശേഷമാണ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിലവിൽ 20 ലോക റെക്കോർഡുകൾ ശ്രീവാസ്തവ കുടുംബത്തിന്‍റെ പേരിലുണ്ട്. ഹൈദരാബാദിലെ ഏറ്റവും കൂടുതൽ ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ അപൂർവ നേട്ടവും ഇവർക്കാണ്. ലഭിച്ച പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു.
നേരത്തെ കൈകൊണ്ട് നിർമ്മിച്ച പേപ്പർ പാവകൾ, ക്വിൽഡ് പൂക്കൾ, ഒറിഗാമി തിമിംഗലങ്ങൾ, പെൻഗ്വിനുകൾ, സിട്രസ് പഴങ്ങൾ, മേപ്പിൾ ഇലകൾ, നായ്ക്കൾ, ദിനോസറുകൾ, പന്നികൾ എന്നിവ ഉൾപ്പെടെ വിവിധ വസ്തുക്കളുടെ പ്രദർശനങ്ങൾ നടത്തിയതിന് 17 ഗിന്നസ് റെക്കോർഡുകൾ ഇവർ സ്വന്തമാക്കിയിരുന്നു. ഗിന്നസ് ബഹുമതികൾക്ക് പുറമേ 15 അസിസ്റ്റ് ലോക റെക്കോർഡുകളും മറ്റ് പല റെക്കോർഡുകളും ശിവാലിയുടെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.