ഗുജറാത്തിൽ 15 വർഷത്തിനിടെ 845 പേർ വ്യാജമദ്യം കഴിച്ച് മരിച്ചുവെന്ന് എ.എ.പി എം.എൽ.എ
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ വ്യാജമദ്യ ദുരന്തത്തിനു പിന്നാലെ ഗുജറാത്ത് സർക്കാറിന്‍റെ മദ്യനയത്തെ ചോദ്യം ചെയ്ത് എ.എ.പി. ഗുജറാത്തിൽ മദ്യം നിരോധിച്ചിട്ടും 15 വർഷത്തിനിടെ വ്യാജമദ്യം കഴിച്ച് ജീവൻ നഷ്ടപ്പെട്ടത് 845 പേർക്കാണെന്ന് എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു.
'മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടക്ക് വ്യാജമദ്യം കഴിച്ച് ജീവൻ നഷ്ടപ്പെട്ടത് 845 പേർക്കാണ്. ഇത്രയും വലിയ സംഘടിത വ്യാജമദ്യ ശൃംഖല ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്? മദ്യനിരോധനം മൂലം സർക്കാരിന് 15,000 കോടിയുടെ നഷ്ടമുണ്ട്, പക്ഷേ മദ്യം പരസ്യമായി വിൽക്കുന്നു, അപ്പോൾ ഈ പണം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത്?' - സൗരഭ് ഭരദ്വാജ് പറഞ്ഞു.
കൂടാതെ ഗുജറാത്തിലെ പോലെ വ്യാജവും വിഷമയവുമായ മദ്യം ഡൽഹിയിലും കൊണ്ടുവരണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി സർക്കാർ പുതിയ മദ്യനയം കൊണ്ടുവന്നപ്പോൾ ഈ ആളുകൾ അസ്വസ്ഥരായിരുന്നു. അവർക്ക് നിയമാനുസൃതമായ കടകൾ നീക്കി അതിനുപകരം പഴയ കച്ചവടം തുടങ്ങേണ്ടിയിരുന്നു. ഡൽഹിയിൽ 468 വൈൻ ഷോപ്പുകളാണുള്ളത്, ആദ്യത്തേതിനെക്കാളും കുറവാണിതെന്നും എ.എ.പി എം.എൽ.എ പറഞ്ഞു.
അതേസമയം ഗുജറാത്ത് ബോട്ടാഡിൽ നടന്ന വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 26 ആയി ഉയർന്നു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യത്തിന് പകരം മീഥൈൽ നൽകിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.