ഗുജറാത്ത്: പോര് മുറുക്കുന്നത് ധ്രുവീകരണത്തിലേക്ക്
text_fields2002ൽ കലാപകാരികളെ പാഠം പഠിപ്പിച്ചെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് വംശഹത്യ വോട്ടർമാരെ ഓർമിപ്പിച്ചതിന് പിറകെ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സെൽ ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പി ശനിയാഴ്ച പ്രകടനപത്രിക പുറത്തിറക്കി.
ഭീഷണിയുടെ സ്രോതസ്സുകളെയും ഇന്ത്യാ വിരുദ്ധ ഘടകങ്ങളെയും ഭീകരസംഘടന സെല്ലുകളെയും ഇല്ലായ്മ ചെയ്യാനാണ് തീവ്രവാദ വിരുദ്ധ സെൽ ഉണ്ടാക്കുന്നതെന്ന് പ്രകടനപത്രിക വ്യക്തമാക്കി. പ്രത്യേകിച്ചൊരു തരംഗവുമില്ലാത്ത ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്ത്യഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മത ധ്രുവീകരണത്തിന്റെ പോര് മുറുക്കുന്ന ബി.ജെ.പി, നിയുക്തസമിതി റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഏകസിവിൽകോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പാട്ടീദാർ, ആദിവാസി പ്രക്ഷോഭങ്ങൾ പോലുള്ളവ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ട് പൊതു- സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരെ നിയമമുണ്ടാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
കലാപങ്ങളും അക്രമാസക്തമായ പ്രക്ഷോഭങ്ങളും അസ്വസ്ഥതകളുമുണ്ടാകുമ്പോൾ പൊതുസ്വകാര്യ സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടം തിരിച്ചുപിടിക്കാനാണ് ഈ നിയമമെന്ന് ജെ.പി. നഡ്ഡ പറഞ്ഞു.ഗോശാലകൾക്ക് 500 കോടിയുടെ അധിക ബജറ്റിനുപുറമെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമയും ത്രീഡി ഭഗവത് ഗീതയുമായി 'ദേവഭൂമി ദ്വാരക'യെ പടിഞ്ഞാറൻ ഇന്ത്യയുടെ പ്രധാന തീർഥാടനകേന്ദ്രമാക്കുക എന്ന പദ്ധതിയും നഡ്ഡ പ്രഖ്യാപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ: 2036 ഒളിമ്പിക്സ് ഗുജറാത്തിൽ നടത്താൻ ഒളിമ്പിക്സ് മിഷനും കായിക സമുച്ചയവും, 20 ലക്ഷം പേർക്ക് തൊഴിൽ, തൊഴിലാളികൾക്ക് രണ്ട് ലക്ഷം രൂപ വരെ കടം കിട്ടുന്ന ശ്രമിക് ക്രെഡിറ്റ് കാർഡ്, ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിക്കുള്ള വാർഷിക വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമാക്കൽ, സംസ്ഥാനത്തെ ചുറ്റാവുന്ന 3000 കിലോമീറ്റർ ദൈർഘ്യമുള്ള നാല് -ആറ് വരി പാതകളുടെ പരിക്രമ പഥ്, മൊബൈൽ റേഷൻ വിതരണം, ആധുനിക മണ്ഡികൾക്ക് 10,000 കോടി നിക്ഷേപം, ജലസേചന പദ്ധതികൾക്ക് 25,000 കോടി.
മത്സ്യതൊഴിലാളികളെ ഉന്നംവെച്ച് ഇന്ത്യയുടെ പ്രഥമ 'നീലസമ്പദ്ഘടനാ വ്യവസായ ഇടനാഴി'യും രണ്ട് സമുദ്ര ഭക്ഷ്യപാർക്കും ഗുജറാത്തിൽ ഒരുക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.