കച്ചിൽ കോൺഗ്രസിന് പ്രതീക്ഷയും ബി.ജെ.പിക്ക് ആധിയുമേകി ആപ്
text_fieldsഗുജറാത്തിൽ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോൺഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഡി.ജെക്കു പിന്നിൽ മൂവർണക്കൊടി പിടിച്ച പ്രവർത്തകരെ അണിനിരത്തി പ്രചാരണത്തിനിറങ്ങിയത് കച്ചിൽ കണ്ടു.
ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ ശക്തി സിങ് കോഹിലിന്റെ പ്രചാരണ പൊതുയോഗം കഴിഞ്ഞാണ് ഡി.ജെയുമായുള്ള പ്രവർത്തകരുടെ നഗരപ്രദക്ഷിണം. പേക്ഷ, മധ്യവയസ്കരായ പ്രവർത്തകരല്ലാതെ ചെറുപ്പക്കാരധികമില്ല. അത്യാവശ്യം പണമിറക്കി നടത്തുന്ന 'ഭാരത് ജോഡോ യാത്ര'ക്കിടയിലും ബി.ജെ.പിയെയും ആം ആദ്മി പാർട്ടിയെയുംപോലെ ഗുജറാത്തിൽ പണിയെടുക്കാൻ തങ്ങൾക്ക് പണമില്ലെന്ന് പരസ്യമായി പറയുകയാണ് കോൺഗ്രസ് നേതാക്കൾ.
പണമില്ലാത്തതിനാൽ താഴെതട്ടിലുള്ള പ്രചാരണത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് തങ്ങളെന്ന കോൺഗ്രസിന്റെ വാദം അൽപം അതിശയോക്തിപരമാണെന്ന് കച്ചിലെത്തുമ്പോൾ അറിയാം. പണിയെടുത്തിരുന്നുവെങ്കിൽ കച്ചിലെ ആറു സീറ്റും പാർട്ടിക്ക് കിട്ടുമായിരുന്നുവെന്ന് മാണ്ഡവിയിൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടിക്കെത്തിയ ജദേജ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികൾ ഭുജിലും മാണ്ഡവിയിലും ഗാന്ധിദാമിലും മത്സരം ത്രികോണമാക്കിയിട്ടുണ്ട്. അൻജാറിൽ ആപ് സ്ഥാനാർഥി പിന്മാറി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലായി.
റാപർ കഴിഞ്ഞ തവണ കോൺഗ്രസിനെ തുണച്ച ഏക മണ്ഡലമാണ്. ഭുജിൽ ആപ്പിനു പുറമെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ സ്ഥാനാർഥിയുമുണ്ട്. എ.ഐ.എം.ഐ.എം പിടിക്കുന്ന ഓരോ വോട്ടും കോൺഗ്രസിന്റേതാണെങ്കിൽ ആപ് കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയായിട്ടുണ്ട്.
കച്ച് മേഖലയിലും പ്രചാരണത്തിൽ ബി.ജെ.പിയാണ് മുന്നിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറിൽ അഞ്ചു സീറ്റുകളും ബി.ജെ.പി നേടിയ കച്ചിൽ ഇക്കുറി കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് കണ്ട ബി.ജെ.പി പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതന്നെ ഇറക്കി.
അൻജാറിൽ സംഘടിപ്പിച്ച റാലിയിൽ കച്ച് കണ്ടില്ലെങ്കിൽ നിങ്ങൾ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ മോദി കച്ചിന് എന്താണില്ലാത്തതെന്ന് കോൺഗ്രസിനോട് ചോദിച്ചു. ആപ് നഗരങ്ങളിൽ മാത്രമാണ് ബി.ജെ.പിയുടെ വോട്ട് പിടിക്കുകയെന്ന പ്രചാരണം യുക്തിരഹിതമാണെന്ന് കച്ചിൽ ബോധ്യമാകും.
സാധാരണക്കാർക്കും ദരിദ്രർക്കും പിന്നാക്ക വിഭാഗങ്ങൾക്കുമിടയിൽ 'ആപ്' സംസാര വിഷയമാണ്. അതിനാൽ ജയസാധ്യതയില്ലെങ്കിലും ആപ് പിടിക്കുന്ന വോട്ടുകൾ ബി.ജെ.പിയുടെ സാധ്യതകൾക്കാണ് കച്ചിൽ മങ്ങലേൽപിക്കുന്നത്. 'ആപ് 'അബ്ഡാസ സ്ഥാനാർഥി ബി.ജെ.പി നേതാവിന് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തുനിന്ന് പിന്മാറിയതും അവസാന മണിക്കൂറുകളിലെ ഈ തിരിച്ചറിവുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.