ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ ബൂത്തിലേക്ക്
text_fieldsബി.ജെ.പിക്കും കോൺഗ്രസിനും ആം ആദ്മി പാർട്ടി ഒരുപോലെ ഉയർത്തിയ വെല്ലുവിളിക്കിടയിൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. കച്ച് - സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 19 ജില്ലകളിലെ 788 സ്ഥാനാർഥികളുടെ വിധി 2.39 കോടി വോട്ടർമാർ നിർണയിക്കും.
27 വർഷങ്ങളായി ബി.ജെ.പിയും കോൺഗ്രസും നേരിട്ടുള്ള മത്സരം മാത്രം നടന്ന ഗുജറാത്തിൽ ഇത്തവണ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ 'ആപ്പി'ന്റെ പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഘട്ടം കൂടിയാണിത്. 182 അംഗ നിയമസഭയിലെ അവശേഷിക്കുന്ന 93 മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
89 മണ്ഡലങ്ങളിലും കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയ ആദ്യഘട്ടത്തിൽ രണ്ട് സ്ഥാനാർഥികൾ മത്സര രംഗത്ത് നിന്ന് പിന്മാറി ബി.ജെ.പിയിൽ ചേർന്നതിനാൽ ആപ്പിന് 87 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 57ഉം ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി) 14ഉം സമാജ്‍വാദി പാർട്ടി 12ഉം സി.പി.എം നാലും സി.പി.ഐ രണ്ടും സ്ഥാനാർഥികളെ നിർത്തിയ ഒന്നാം ഘട്ടത്തിൽ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീനും സാന്നിധ്യമറിയിക്കാൻ മത്സരരംഗത്തുണ്ട്.
ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ് വി, സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ആപ്പിൽ ചേർന്ന പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാക്കളായ അൽപേഷ് കഥിരിയ, രാം ധമുക്, ധാർമിക് മാളവ്യ എന്നിവരെല്ലാം ഒന്നാം ഘട്ടത്തിൽ മാറ്റുരക്കും.
ഗുജറാത്തിൽ കാലങ്ങൾക്കുശേഷം ഹിന്ദുത്വത്തിനപ്പുറത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വികസന മുരടിപ്പും ജനങ്ങൾക്കിടയിൽ പ്രധാന ചർച്ചയാക്കി പ്രചാരണത്തിന്റെ ഗതിനിർണയിക്കുകയായിരുന്നു ആം ആദ്മി പാർട്ടി.
സൗജന്യ വൈദ്യുതിയും തൊഴിലും അഴിമതി മുക്ത ഭരണവും ഉറപ്പുനൽകിയ ആപ്പിന്റെ 'ഗ്യാരന്റി കാർഡ്' വോട്ടർമാർക്കിടയിൽ ചർച്ചയായി. കോൺഗ്രസ് നടത്തിയത് നിശ്ശബ്ദ പ്രചാരണമാണെന്ന് നേതാക്കൾ അവകാശപ്പെടുമ്പോൾ അവർ ഇക്കുറി പ്രചാരണത്തിനിറങ്ങിയിട്ടില്ലെന്നാണ് വോട്ടർമാർ പറയുന്നത്.
ഹിന്ദുത്വത്തിലും ദേശീയതയിലും തങ്ങൾ ബി.ജെ.പിക്ക് ഒട്ടും പിന്നിലല്ലെന്ന് കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ആപ് തെളിയിച്ചതോടെ അവരെ എങ്ങനെ നേരിടണമെന്നറിയാതെ ബി.ജെ.പി കുഴങ്ങുന്നതാണ് ഗുജറാത്ത് കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യ നാഥ്, ശിവ രാജ് സിങ് ചൗഹാൻ, ഹേമന്ത ബിശ്വ ശർമ, പ്രമോദ് സാവന്ത് തുടങ്ങി 11 താരപ്രചാരകരെ ചാർട്ടർ ചെയ്ത വിമാനങ്ങളിലും ഹെലികോപ്ടറുകളിലും ഇറക്കി വൻതുക ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.