വിവാഹത്തിനായി മതംമാറിയാൽ 10 വർഷം തടവും 5 ലക്ഷം പിഴയും; 'ലവ് ജിഹാദ്' നിയമം പാസാക്കി ഗുജറാത്ത്
text_fieldsഗാന്ധിനഗർ: വിവാഹത്തിനായി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് 10 വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഗുജറാത്ത് നിയമസഭ അംഗീകാരം നൽകി. 2003ലെ 'ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റം തടയൽ നിയമ'ത്തിൽ ഭേദഗതി വരുത്തിയാണ് ബി.ജെ.പി സർക്കാർ പുതിയ ബിൽ കൊണ്ടുവന്നത്.
ജാമ്യമില്ലാത്ത കുറ്റമാണിത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം മുതൽ പത്തു വർഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കും. വിവാഹം അസാധുവാകുകയും ചെയ്യും.
ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ അന്താരാഷ്ട്ര സഹായം ലഭിക്കുന്നുണ്ടെന്നും അതു തടയാനാണ് നിയമമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു.
നിയമ നിർമാണത്തിന് പിറകിൽ ബി.ജെ.പിയുടെ വർഗീയ അജണ്ടയാണെന്ന് കോൺഗ്രസ് പറഞ്ഞു. മുസ്ലിം പെൺകുട്ടികളും ഹിന്ദു യുവാക്കളും വിവാഹിതരായ ഡസനിലധികം വിവാഹ സർട്ടിഫിക്കറ്റുകൾ സഭയിൽ വെച്ചു കൊണ്ടായിരുന്നു കോൺഗ്രസ് എം.എൽ.എ ജിയാസുദ്ദീൻ ശൈഖിന്‍റെ പ്രതിരോധം. വിവാഹങ്ങൾക്ക് പിറകിൽ മതപരമായ താൽപര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
മതപരിവർത്തനം നടത്താനായി പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നത് തടയാനാണ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ 2021 കൊണ്ടുവന്നതെന്ന് സർക്കാർ അവകാശപ്പെടുന്നു. പ്രതിപക്ഷമായ കോൺഗ്രസ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.