ഗുജറാത്ത്: 330 സ്ഥാനാർഥികൾ ക്രിമിനൽ കേസ് പ്രതികൾ, കൂടുതൽ ആം ആദ്മി പാർട്ടിയിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 330 സ്ഥാനാർഥികളും ക്രിമിനൽ കേസുകളുള്ളവർ. മൊത്തം 1621 പേരാണ് മത്സര രംഗത്തുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് കണക്ക് പുറത്തുവിട്ടത്. 2017ൽ 238 പേരാണ് ക്രിമിനൽ കേസുള്ളവരായി ഉണ്ടായിരുന്നത്.
ആം ആദ്മി പാർട്ടി പട്ടികയിലാണ് ഏറ്റവുമധികം ക്രിമിനൽ കേസിൽ പെട്ടവരുള്ളത് -61 പേർ. കോൺഗ്രസിൽനിന്ന് 60 പേരും ബി.ജെ.പിയിൽനിന്ന് 32 പേരുമാണ് ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ.
192 പേർക്കെതിരെ ഗുരുതരസ്വഭാവമുള്ള കൊലപാതക-ബലാത്സംഗ കേസുകളാണുള്ളത്. ഇതിൽ 96 പേർ കോൺഗ്രസ്, ബി.ജെ.പി, ആപ് സ്ഥാനാർഥികളാണ്. സ്ഥാനാർഥികളുടെ സത്യവാങ്മൂലം പരിശോധിച്ചാണ് എ.ഡി.ആർ റിപ്പോർട്ട് തയാറാക്കിയത്.
ഗുരുതര സ്വഭാവമുള്ള കേസുകൾ ഏറ്റവുമധികം ആപ് സ്ഥാനാർഥികൾക്കെതിരെയാണ്-43 പേർ ഈ ഗണത്തിലുണ്ട്. തൊട്ടുപിന്നിൽ കോൺഗ്രസും (28) ബി.ജെ.പിയും (25) ഉണ്ട്. 182 അംഗ നിയമസഭയിലേക്ക് ആപ്, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽനിന്ന് യഥാക്രമം 181, 179, 182 പേരാണ് മത്സരിക്കുന്നത്.
18 പേർ വനിതകൾക്കെതിരായ അക്രമങ്ങളിൽ പ്രതികളാണ്. ഒരാൾ ബലാത്സംഗക്കേസിലെ പ്രതിയാണ്. 20 പേർക്കെതിരെ കൊലപാതകശ്രമത്തിനും അഞ്ചുപേർക്കെതിരെ കൊലപാതകത്തിനും കേസുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടികൾ സ്ഥാനാർഥികളാക്കുന്നതിനെതിരെ 2020 ഫെബ്രുവരിയിൽ സുപ്രീംകോടതി പരാമർശമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.