37 എം.എൽ.എമാരെ വെട്ടി ബി.ജെ.പിയുടെ ഗുജറാത്ത് പട്ടിക; പാർട്ടി ടിക്കറ്റ് നിഷേധിച്ചവരിൽ എട്ട് മന്ത്രിമാരും
text_fieldsഹസനുൽ ബന്ന
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 160 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ എട്ട് മന്ത്രിമാർ അടക്കം 37 സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചു. പാലം തകർന്ന് 140ാളം പേർ മരിച്ച മോർബി മണ്ഡലത്തിൽ നിലവിലുള്ള സിറ്റിങ്ങ് എം.എൽ.എയും സീറ്റ് നിഷേധിക്കപ്പെട്ടവരിൽപ്പെടും. ഡിസമ്പർ ഒന്നിനും അഞ്ചിനും രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗമാണ് ഇത്രയധികം പേർക്ക് ടിക്കറ്റ് നിഷേധിച്ചത്. സ്ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകിയ യോഗം രാത്രി 11.30 വരെ നീണ്ടു നിന്നു. വ്യാഴാഴ്ച രാവിലെ വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗർ നോർത്തിലും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ലോഡിയയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരിക്കുണ്ടാക്കിയ ശേഷം കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ വീരംഗം മണ്ഡലത്തിലും മൽസരിക്കുമെന്ന് ഭൂപേന്ദ്ര യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിൽ 14 വനിതകളും13 പട്ടിക ജാതിക്കാരും 24 പട്ടിക വർഗക്കാരുമാണ്. 22 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 84 ഇടങ്ങളിലെ സ്ഥാനാർഥികൾ ആദ്യപട്ടികയിലുണ്ട്.
ഗുജറാത്ത് നിയമസഭയിൽ കൂറുമാറിയതടക്കം 112 സിറ്റിംഗ് എം.എൽ.മാരുള്ള ബി.ജെ.പി അതിൽ കേവലം 69 പേർക്ക് മാത്രമാണ് സീറ്റ് നൽകിയത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മുതിർന്ന നേതാക്കളായ ഭൂപേന്ദ്ര സിങ്ങ് ചുദാസാമ, പ്രദ്പ് സിങ്ങ് ജദേജ തുടങ്ങിയവർ സീറ്റ് നിഷേധിക്കപ്പെട്ടവരിൽപ്പെടും.
സിറ്റിങ് എം.എൽ.എക്ക് സീറ്റ് നിഷേധിച്ച ദുരന്തമുണ്ടായ മോർബിയിൽ നദിയിലിറങ്ങി രക്ഷാ പ്രവർത്തനം നടത്തിയ മുൻ എം.എൽ.എയെ ബി.ജെ.പി രംഗത്തിറക്കി.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി എങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണിച്ചാണ് ഇക്കുറിയും ബി.ജെ.പി വോട്ടുപിടിക്കുക. എട്ട് ദിവസത്തോളം ഗുജറാത്തിൽ ചെലവഴിച്ച് 25 തെരഞ്ഞെടുപ്പ് റാലികളിൽ മോദി സംബന്ധിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്ങ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പ്രചാരണത്തിനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.