ദലിതുകൾക്കെതിരായ കേസുകൾ പിൻവലിക്കണം; ജൂൺ ഒന്നിന് ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി
text_fieldsഅഹ്മദാബാദ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2016ൽ ഉനയിൽ ദലിതുകൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി. ഇല്ലെങ്കിൽ ജൂൺ ഒന്നിന് ഗുജറാത്തിൽ ബന്ദ് നടത്തുമെന്നും മേവാനി പറഞ്ഞു.
അസം പൊലീസിന്‍റെ അറസ്റ്റിനും ജയിൽവാസത്തിനും ശേഷം ജാമ്യം ലഭിച്ച് ഗുജറാത്തിൽ തിരിച്ചെത്തിയ മേവാനി, അഹ്മദാബാദിലെ വഡജിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. ഉന പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചില്ലെങ്കിൽ, ജൂൺ ഒന്നിന് ഗുജറാത്ത് അടച്ചിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചതിനും പൊലീസ് ജീവനക്കാരിയെ മർദിച്ചെന്ന പരാതിയിലുമാണ് അസം പൊലീസ് കേസെടുത്ത് മേവാനിയെ അറസ്റ്റ് ചെയ്തത്. 'പട്ടേൽ സംവരണവുമായി നടത്തിയ സമരുവമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചതുപോലെ ഈ കേസുകളും പിൻവലിക്കണം. പാട്ടേൽ സമുദായ അംഗങ്ങൾക്കെതിരായ കേസുൾ പിൻവലിച്ചത് നല്ല കാര്യമാണ്. ഞങ്ങൾ അതിനെ പിന്തുണക്കുന്നു' -മേവാനി പറഞ്ഞു.
തനിക്കെതിരായ കേസിൽ ജാമ്യം അനുവദിച്ച കോടതി ജഡ്ജി അസം പൊലീസിനെതിരെ നടത്തിയ രൂക്ഷ വിമർശനങ്ങളെ സ്വഗതം ചെയ്തു. എം.എൽ.എയായ തന്നെ അറസ്റ്റ് ചെയ്യാനായി അസം പൊലീസ് ഇത്രയും ദൂരം വന്നതിൽ ജനം അത്ഭുതപ്പെടുകയാണ്. ബി.ജെ.പിക്കെതിരെയും ആർ.എസ്.എസിനെതിരെയും താൻ നടത്തുന്ന ശക്തമായ പോരാട്ടമാണ് അറസ്റ്റിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.