മോർബി പാലം ദുരന്തം; വൈകുന്നേരത്തിനകം മറുപടി നൽകാൻ മുനിസിപാലിറ്റിക്ക് കോടതിയുടെ മുന്നറിയിപ്പ്
text_fieldsഅഹമ്മദാബാദ്: ഒക്ടോബർ 30ന് മോർബിയിലെ പാലം തകർന്ന് 140 പേർ മരിച്ച സംഭവത്തിൽ മോർബി മുനിസിപാലിറ്റിക്ക് ഗുജറാത്ത് ഹൈകോടതിയുടെ മുന്നറിയിപ്പ്. വൈകുന്നേരത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ദുരന്തവുമായി ബന്ധപ്പെട്ട് കോടതി അയച്ച രണ്ട് നോട്ടീസുകളിലും മുനിസിപാലിറ്റി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുനിസിപാലിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതാണ് മറുപടി നൽകാൻ പറ്റാതെ വന്നതെന്ന് അഭിഭാഷകൻ വാദിച്ചു. 'ഡെപ്യൂട്ടി കലക്ടർക്ക് നോട്ടീസ് അയക്കേണ്ടതിന് പകരം നവംബർ ഒൻപതിന് മുനിസിപാലിറ്റിക്കാണ് നോട്ടീസ് നൽകിയത്. അതിനാലാണ് കോടതിയിൽ ഹാജരാകാൻ കാലതാമസം വന്നത്'- അഭിഭാഷകൻ പറഞ്ഞു.
സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരാണ് കേസ് പരിഗണിക്കുന്നത്. കോടതി പരാമർശം കണക്കിലെടുത്ത് വൈകുന്നേരത്തിനകം നോട്ടീസിൽ വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
150 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയ രീതിയെക്കുറിച്ച് ചൊവ്വാഴ്ച കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കരാർ നൽകിയതിൽ മുനിസിപ്പാലിറ്റി വീഴ്ച വരുത്തിയതിന്‍റെ ഭാഗമായി 135 പേർ കൊല്ലപ്പെട്ടെന്ന് കോടതി പറഞ്ഞു. പാലത്തിന്റെ ഫിറ്റ്‌നസ് പരിശോധന കരാറിന്റെ ഭാഗമായിരുന്നോയെന്നും സംഭവത്തിന് ഉത്തരവാദി ആരാണെന്ന് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. പ്രധാന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തതിന് കാരണം കാണിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ടെൻഡർ നടപടികൾ പോലുമില്ലാതെയാണ് പദ്ധതിക്ക് പണം നൽകിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് ടെൻഡർ നടപടികൾ ചെയ്യാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. പിന്നീട് കേസ് കേൾക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.