ഗുജറാത്ത് തൂക്കുപാലം ദുരന്തം: തിരച്ചിൽ അവസാനിപ്പിച്ചു
text_fieldsമോർബി (ഗുജറാത്ത്): കുട്ടികളടക്കം 135 പേരുടെ ജീവൻ നഷ്ടമായ തൂക്കുപാലം തകർന്ന സംഭവത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഔദ്യോഗികമായി തിരച്ചിൽ അവസാനിപ്പിച്ചത്. ആരെയും കാണാതായതായി ഇപ്പോൾ പരാതി ഇല്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്നും സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ ഹർഷദ് പട്ടേൽ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളുമായും ആലോചിച്ച ശേഷമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
143 വർഷം പഴക്കമുള്ള പാലമാണ് ഗുജറാത്തിൽ തകർന്നത്. തൂക്കുപാലം അറ്റകുറ്റപ്പണിക്കായി ഗുജറാത്തിലെ വാച്ച് കമ്പനി ഒറേവക്ക് നൽകിയപ്പോൾ ഒപ്പുവെച്ച കരാറിന്റെ യഥാർഥ കോപ്പി ഹാജരാക്കാൻ കഴിഞ്ഞ ദിവസം നഗരസഭാ അധ്യക്ഷനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് പാലം തകർന്നത്.
കേസിൽ ഒറേവ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒമ്പതു പേർ അറസ്റ്റിലായിട്ടുണ്ട്. ഒറേവ ഗ്രൂപ്പിന്റെ അജന്ത മാനുഫാക്‌ചറിങ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വൻ സ്വാധീനമുണ്ട്. അതിനാൽ അവരെയൊന്നും തൊടാതെ താഴെക്കിടയിലെ ജീവനക്കാരെ പൊലീസ് ബലിയാടാക്കുകയാണെന്ന് ആരോപണമുണ്ട്.
മോർബി തൂക്കു പാലം തകരാൻ ഇടയായത് ജനങ്ങളുടെ വൻ തിരക്കാണ് കാരണമെന്ന് ഗുജറാത്ത് ഫോറൻസിക് ലബോറട്ടറി വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.