ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
text_fieldsഅഹ്മദാബാദ്: അടുത്ത വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു.2017ൽ മുഖ്യമന്ത്രിയായ രൂപാണിയുടെ രാജി അപ്രതീക്ഷിതമായിരുന്നു. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയുണ്ടാക്കിയ ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള തന്ത്രമായാണ് രാജി വിലയിരുത്തപ്പെടുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ലക്ഷദ്വീപ്, ഡാമൻ ദിയു അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, കൃഷി മന്ത്രി ആർ.സി ഫാൽദു, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരാണ് മുഖ്യമന്ത്രിയാകാൻ സാധ്യത പട്ടികയിലുള്ളവർ. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ നിയമസഭാ കക്ഷിയോഗം ഇന്ന് ചേർന്നേക്കും. 2022 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. രണ്ടര മാസത്തിനിടെ രാജിവെച്ച ബി.ജെ.പിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് രൂപാണി. തിരഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ്) ബി.എസ്. യെദിയൂരപ്പ, (കർണാടക) എന്നിവരാണ് നേരത്തേ രാജിവെച്ചത്.
രാജിക്കത്ത് ഗവർണർക്ക് നൽകിയ ശേഷം വിജയ് രൂപാണിയാണ് രാജിക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ബി.ജെ.പി പ്രവർത്തകർക്ക് റിലേ മത്സരം പോലെയാണെന്നും ഒരാൾ മറ്റൊരാൾക്ക് ബാറ്റൺ കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സി.ആർ. പാട്ടീലുമായി അഭിപ്രായവ്യത്യാസമില്ല. പാർട്ടി ഏൽപിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കുമെന്നും രൂപാണി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി.ജെ.പി ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രുപാല, മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരും ഗവർണർക്ക് രാജിക്കത്ത് നൽകാൻ രൂപാണിക്കൊപ്പമുണ്ടായിരുന്നു. ആനന്ദിബെൻ പേട്ടൽ രാജിവെച്ചതിനെ തുടർന്ന് 2016 ആഗസ്റ്റ് ഏഴിനാണ് വിജയ് രൂപാണി ആദ്യമായി മുഖ്യമന്ത്രിയായത്. 2017ൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് വീണ്ടും മുഖ്യമന്ത്രിയായി. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറച്ചുവെക്കാൻ വിജയ് രൂപാണിയെ ബലിയാടാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രസിഡൻറ് അമിത് ചാവ്ദ ആരോപിച്ചു. മൂന്നു ലക്ഷത്തിലേറെ ആളുകളാണ് കോവിഡിെൻറ ഒന്ന്, രണ്ട് തരംഗങ്ങളിലായി മരിച്ചത്. ഈ പരാജയം മറച്ചുവെക്കാനാണ് രൂപാണിയെ മാറ്റിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
27 കൊല്ലം ഗുജറാത്ത് ഭരിച്ചിട്ടും മുഖ്യമന്ത്രിയെ മാറ്റേണ്ട അവസ്ഥയാണെങ്കിൽ സംസ്ഥാനത്തെ സ്ഥിതിമോശമാണ് എന്നതാണ് അതിനർഥമെന്ന് എ.എ.പി ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.