മോദിയുടെ ഫോട്ടോ കീറിയെറിഞ്ഞ കോൺഗ്രസ് എം.എൽ.എയ്ക്ക് 99 രൂപ പിഴ; ഇല്ലെങ്കിൽ ഏഴ് ദിവസം തടവ്
text_fieldsഅഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയെറിഞ്ഞ സംഭവത്തിൽ കോൺഗ്രസ് എം.എൽ.എയ്ക്ക് ഗുജറാത്ത് കോടതി 99 രൂപ പിഴ വിധിച്ചു. വൻസാ മണ്ഡലത്തിലെ എം.എൽ.എ ആനന്ദ് പട്ടേലിനാണ് കോടതി പിഴയിട്ടത്. പിഴയടച്ചില്ലെങ്കിൽ ഏഴ് ദിവസം തടവ് ശിക്ഷ അനുഭവിക്കണം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.എ. ധാദലാണ് ശിക്ഷ വിധിച്ചത്.
2017 മേയിലാണ് കേസിനാസ്പദമായ സംഭവം. നവസാരി കാർഷിക സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് ആനന്ദ് പട്ടേൽ വൈസ് ചാൻസലറുടെ ചേമ്പറിൽ കയറി മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വലിച്ചുകീറിയത്.
പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ മറ്റ് ആറ് പേർക്കുമെതിരെ ഐപിസി സെക്ഷൻ 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 353 (ആക്രമണം), 427 (50 രൂപയ്ക്ക് മുകളിലുള്ള നഷ്ടം വരുത്തൽ), 447 (ക്രിമിനൽ അതിക്രമം), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം ജലാൽപൂർ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഐ.പി.സി സെക്ഷൻ 447 പ്രകാരം പട്ടേലിനെതിരെ മൂന്ന് മാസം വരെ തടവും 500 രൂപ പിഴയും ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, കോടതി പിഴ 99 രൂപയിൽ ഒതുക്കുകയായിരുന്നു. അതേസമയം, എഫ്‌ഐആർ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികൾ കോൺഗ്രസ് അംഗങ്ങളായതിനാലാണ് ഈ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.