മുസ്‍ലിംകളെ ബഹിഷ്‍കരിക്കാൻ ആഹ്വാനം: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്
text_fieldsപാടൺ (ഗുജറാത്ത്): വർഗീയ സംഘർഷത്തെതുടർന്ന് മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്‍കരിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗുജറാത്തിലെ പാടൺ കോടതി ഉത്തരവ്. കുറ്റകൃത്യം നടന്നിട്ടില്ലെന്ന പൊലീസിന്റെ റിപ്പോർട്ട് തള്ളിയ കോടതി മക്ബൂൽ ഹുസെൻ ഷെയ്ഖ് എന്നയാളുടെ പരാതിയിൽ കേസെടുക്കാനും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും ബാലിസാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
2023 ജൂലൈ 16ന് നടന്ന വർഗീയ സംഘർഷങ്ങളുടെ പേരിൽ ബാലിസാനയിലെ ചിലർ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്‍കരിക്കാൻ പ്രദേശവാസികളെ ആഹ്വാനം ചെയ്തുവെന്നും കടകളുടെ വാടകക്കരാർ ഉൾപ്പെടെ റദ്ദാക്കി കച്ചവടത്തിൽനിന്ന് പുറന്തള്ളാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഇത് പ്രദേശത്തെ മുസ്‍ലിംകളുടെ കച്ചവടത്തെയും ഉപജീവനമാർഗത്തെയും ബാധിച്ചുവെന്നും ചിലരെ നാടുവിട്ടുപോകാൻ നിർബന്ധിതരാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ബഹിഷ്‍കരണ ആഹ്വാനം ചെയ്ത് ചില ഗ്രാമവാസികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോകൾ സഹിതം സംഘർഷം നടന്ന് രണ്ടുമാസത്തിനുശേഷം ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ഷെയ്ഖ് കോടതിയെ സമീപിച്ചത്.
ആളുകൾക്കിടയിൽ വിദ്വേഷം വളർത്തൽ, ശത്രുതയുണ്ടാക്കാൻ ലക്ഷ്യമിട്ട് കിംവദന്തികൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കോടതി നിർദേശം നൽകി. എന്നാൽ, വിദ്വേഷ പ്രസംഗം സംബന്ധിച്ച വകുപ്പുകൾ എഫ്.ഐ.ആറിൽ ചേർക്കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി നിരാകരിച്ചു. ഈ പരിധിയിൽ വരുന്ന കുറ്റം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തേ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കുറ്റകൃത്യം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഹരജിക്കാരൻ സമർപ്പിച്ച വിഡിയോ ക്ലിപ്പുകളും ദുരിതബാധിതരുടെ മൊഴികളും പരിഗണിച്ച കോടതി പൊലീസിന്റെ റിപ്പോർട്ട് തള്ളി കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.