ഗുജറാത്തിൽ 30 വയസിലേറെ പ്രായമുള്ള ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ; കാരണം?
text_fieldsവഡോദര: ഗുജറാത്തിൽ 30 വയസിലേറെ പ്രായമുള്ള ഗർഭിണിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഒടുവിൽ ഗർഭിണിയെ ചികിത്സിക്കാൻ തയാറാകാതിരുന്നതിന്റെ കാരണം ഡോക്ടർ വെളിപ്പെടുത്തിയപ്പോൾ നെറ്റിസൺസ് മാറിച്ചിന്തിച്ചു. നിർദേശിച്ച ടെസ്റ്റുകൾ ചെയ്യാൻ തയാറായില്ലെങ്കിൽ ഡോക്ടർക്ക് രോഗിയെ ചികിത്സിക്കാതിരിക്കാൻ അവകാശമുണ്ടെന്നാണ് കാര്യങ്ങളറിഞ്ഞപ്പോൾ നെറ്റിസൺസ് പറയുന്നത്.
ചികിത്സക്ക് ഏതു ഡോക്ടറെ വേണമെന്ന് രോഗിക്ക് തീരുമാനിക്കാം. അതുപോലെ അടിയന്തര ഘട്ടങ്ങളിലൊഴികെ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ ഡോക്ടർമാർക്കും അവകാശമുണ്ടെന്ന് ഡോക്ടർ രാജേഷ് പാട്രിക് എക്സിൽ കുറിച്ചു.
പ്രായം 30 കഴിഞ്ഞതിനാൽ യുവതിയോട് നിർബന്ധമായി ചില ടെസ്റ്റുകൾ ചെയ്യാൻ ഡോക്ടർ നിർദേശിച്ചിരുന്നു. ജനിതക വൈകല്യങ്ങൾ നേരത്തേ കണ്ടുപിടിക്കാനുള്ള എൻ.ടി സ്കാൻ, ഡബിൾ മാർക്കർ ടെസ്റ്റ് എന്നിവയായിരുന്നു അത്. എന്നാൽ മറ്റ് ചിലരുടെ ഉപദേശം സ്വീകരിച്ച യുവതി ഈ പരിശോധനകൾ നടത്താൻ തയാറായില്ല. തുടർന്നാണ് യുവതിയുടെ വാദങ്ങൾ അംഗീകരിക്കുന്ന മറ്റൊരു ഡോക്ടറെ കാണാൻ നിർദേശം നൽകിയതെന്നും ഡോക്ടർ എക്സിൽ കുറിച്ചു.
ഗൈനക്കോളജിസ്റ്റുകൾ ഒരിക്കലും സ്വന്തം നിലക്ക് ചികിത്സിക്കാൻ രോഗികളെ ഒരിക്കലും അനുവദിക്കാറില്ല. അങ്ങനെ വരുന്ന പക്ഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ കോടതിയിൽ അതിന് രോഗിയല്ല, ഡോക്ടറായിരിക്കും ഉത്തരം പറയേണ്ടി വരികയെന്നും ഡോ. പാട്രിക് തുടർന്നു.
ഇത്തരം ടെസ്റ്റുകൾ അനാവശ്യമാണെന്നും ഡോക്ടർമാർക്ക് കമ്മീഷൻ കിട്ടുന്നതിനാണെന്ന് ധരിക്കുന്നവരുണ്ട്. തീർച്ചയായും ഇക്കാര്യം യുവതിയോട് ഡോക്ടർ സൂചിപ്പിക്കണമായിരുന്നുവെന്ന് ഒരാൾ പോസ്റ്റിനു താഴെ കുറിച്ചു.
ഡബിൾ മാർക്കർ ടെസ്റ്റ് കുറച്ച് ചെലവേറിയതാണ്. അതിന്റെ പകുതി തുകയും ഡോക്ടർമാർക്ക് കമീഷനായി ലഭിക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതാകാം യുവതി പരിശോധന നടത്താൻ തയാറാകാതിരുന്നതെന്ന് മറ്റൊരാൾ കുറിച്ചു.
രോഗികൾ ഇത്തരം പരിശോധനകൾ നടത്താതിരിക്കുകയും ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ പ്രസവിക്കുകയും ചെയ്താൽ ഡോക്ടർമാരെ പഴി പറയുന്നവരുമുണ്ട്. കൃത്യസമയത്ത് വേണ്ട പരിശോധനകൾ നടത്താൻ ഗർഭിണികളിൽ അവബോധം സൃഷ്‍ടിക്കേണ്ടത് അത്യാവശ്യമാണ്.-മറ്റൊരാൾ കുറിച്ചു.
ഗർഭസ്ഥ പരിശോധനകൾ നിർബന്ധമാക്കേണ്ടതുണ്ടെന്നും പരിശോധനകൾക്ക് തയാറാകാത്തവരിൽ നിന്ന് പ്രത്യേകം എഴുതി വാങ്ങേണ്ടതുണ്ടെന്നും എങ്കിൽ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ നിന്ന് ഒരുവിധത്തിൽ രക്ഷപ്പെടാൻ സാധിക്കുമെന്നും മറ്റൊരാൾ പ്രതികരിച്ചു. ചികിത്സ നിഷേധിച്ച താങ്കളുടെ തീരുമാനം ശരിയാണ്. നാളെ എന്തെങ്കിലും പ്രശ്നമുണ്ടായി അവർ കോടതിയിൽ പോയാൽ ഉത്തരം പറയേണ്ടി വരിക നിങ്ങളായിരിക്കും.-എന്ന് മറ്റൊരാൾ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.