ഗുജറാത്ത്: ആദ്യഘട്ട പ്രചാരണത്തിന് കൊടിയിറങ്ങി
text_fieldsഅഹ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചരണത്തിനുള്ള ദിവസമാണ്. സൗരാഷ്ട്ര മുതൽ തെക്കൻ ഗുജറാത്ത് വരെ 89 മണ്ഡലങ്ങളിലാണ് ശനിയാഴ്ചയാണ് ആദ്യഘട്ട പോളിങ്. 977 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. രണ്ടാംഘട്ട പോളിങ് ഡിസംബർ 14ന് നടക്കും. 18നാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്തെ ആകെ മണ്ഡലങ്ങൾ 182.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണ ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്താനും ഭരണമാറ്റം ഉണ്ടായേക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരക്ക് സാധിച്ചിട്ടുണ്ട്. ഹാർദിക് പേട്ടൽ ഉൾപ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം കോൺഗ്രസിന് ലഭിച്ചത് പ്രതീക്ഷ വർധിപ്പിക്കുന്നു. വോെട്ടടുപ്പ് അടുക്കുന്തോറും ബി.ജെ.പി ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
രണ്ടു ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ പ്രചാരണമാണ് ഇത്തവണയുണ്ടായത്.
ഭരണം നിലനിർത്തുമെന്ന് ബി.ജെ.പി ഉറപ്പിച്ചു പറയുേമ്പാൾ, മറുഭാഗത്ത് കോൺഗ്രസ് ക്യാമ്പ് തികഞ്ഞ പ്രതീക്ഷയിലാണ്. 2012ൽ 61 സീറ്റുകൾ നേടിയയിടത്ത് ഇത്തവണ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
19 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് നിലവിൽ 115 സീറ്റും കോൺഗ്രസിന് 61 സീറ്റുമാണുള്ളത്. ഫലം എന്തു തന്നെയായാലും അത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.