അവസാന ലാപ്പ് പ്രചാരണം അത്യന്തം വര്‍ഗീയം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അഭിമാനപ്രശ്നമായി എടുത്തതോടെ ഗുജറാത്തിലെ ആദ്യഘട്ടവോട്ടെടുപ്പിെൻറ അവസാന ലാപ്പിലെ പ്രചാരണം അത്യന്തം വര്‍ഗീയമായി. രാഹുൽ ഗാന്ധിയെ അഹിന്ദുവാക്കാന് നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും രാമക്ഷേത്ര നിര്‍മാണം കോണ്‍ഗ്രസ് വൈകിപ്പിക്കുന്നുവെന്ന പ്രചാരണം മോദിയും ഷായും ഏറ്റെടുത്തു. ഇതിെൻറ ചുവട് പിടിച്ച് ബി.ജെ.പി സ്ഥാനാര്‍ഥികൾ തങ്ങളുടെ മണ്ഡലങ്ങളില്‍ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും തുടങ്ങി.
മുസ്ലിം ജനസംഖ്യ ഗുജറാത്തില്‍ കുറച്ചുവരേണ്ടത് അനിവാര്യമാണെന്നും തന്നെ ജയിപ്പിച്ചാല്‍ അതിന് നടപടിയെടുക്കുമെന്നുമാണ് വഡോദരക്കടുത്തുള്ള ഡബോയ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശൈലേഷ് ശോട്ട പ്രഖ്യാപിച്ചത്. ഗുജറാത്തിനെ ദുബൈ ആക്കാന്‍ അനുവദിക്കില്ലെന്നും തെൻറ എം.എല്‍.എ ഫണ്ടിൽനിന്ന് ഒരു പൈസ പോലും ഇവരുടെ പള്ളിക്കും ദര്‍ഗക്കും നല്‍കില്ലെന്നും ശോട്ട കൂട്ടിച്ചേര്‍ത്തു. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ചിമന് ഭായ് പട്ടേലിെൻറ മകന് സിദ്ധാര്‍ഥ് പട്ടേലിന് ജയസാധ്യത കല്പിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസ് ടിക്കറ്റിൽ ഗോധ്രയില്‍ നിന്ന് കഴിഞ്ഞ തവണ ജയിച്ച് രാജ്യസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ സി.കെ. രാവുല്ജി തെൻറ മുമ്പിലിനി തൊപ്പിക്കാരെ കാണില്ലെന്ന് പ്ര്യഖ്യാപിച്ചു. ആര്‍പ്പുവിളികളോടെ വരവേല്‍ക്കുന്ന ഇരുപ്രസംഗങ്ങളും സോഷ്യല്‍മീഡിയ വഴി ബി.ജെ.പി വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ, കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയാല്‍ പോലും അതിന് കഴിയാത്ത തരത്തിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഉണ്ടായ സാമൂഹിക മാറ്റം ഗുജറാത്തിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. മുസ്ലിം വിരുദ്ധ കലാപങ്ങളില്‍ എപ്പോഴും തെരുവുകളിലിറങ്ങിയ രണ്ട് വിഭാഗങ്ങളായിരുന്നു പാട്ടീദാറുമാരും ദലിതുകളും. പാട്ടീദാര്‍ സംവരണ സമരവും ഉനയിലെ പീഡനത്തിന് ശേഷമുണ്ടായ ദലിത് നവജാഗരണവും ഈ വിഭാഗങ്ങളിലെയും ഭൂരിഭാഗത്തെ ബി.ജെ.പിക്കെതിരാക്കി.
പാട്ടീദാറുമാരുടെ കോട്ടയായ സൂറത്തില്‍ മുമ്പ് തൊപ്പിയും താടിയും വെച്ച പുരുഷന്മാര്ക്കും ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്കും സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് പറഞ്ഞത് പ്രമുഖ ഇംഗ്ലീഷ് പത്രത്തിെൻറ സൂറത്ത് ലേഖകനാണ്. പാട്ടീദാറുമാര് ഇടപഴകുന്ന പൊതുഇടങ്ങളില്‍ മുസ്ലിംകള്ക്ക് അപ്രഖ്യാപിത വിലക്കായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ. വരാച്ച, കാമ്രേജ്, കാടര്ഗാം തുടങ്ങിയ മേഖലകളിലെല്ലാം ഇതായിരുന്നു സ്ഥിതി. ഇപ്പോള്‍ സ്ഥിതി മാറി. മുസ്ലിംകൾക്ക് എവിടെ വേണമെങ്കിലും പോകാം. ഭീതിയില്ലാതെ വാഹനമോടിക്കാം.
സംവരണ പ്രക്ഷോഭ രംഗത്തുള്ള പാട്ടീദാറുമാരുടെ ശത്രുസ്ഥാനത്ത് മുസ്ലിംകള്ക്ക് പകരം ബി.ജെ.പിയായി മാറി. മോദിയുടെ റാലി സൂറത്തില്‍ നടത്താന്‍ അനുവദിക്കാത്തിടത്തോളം, ബി.ജെ.പിയുടെ പതാക ചില ഗ്രാമങ്ങളില്‍ ഉയർത്താൻ അനുവദിക്കാത്തിടത്തോളം ആ എതിര്‍പ്പ് വളര്‍ന്നു. എന്നാൽ അടിസ്ഥാനപരമായി ആര്.എസ്.എസ് ചിന്താഗതിക്കാരായതിനാൽ പാട്ടീദാർമാരുടെ ബി.ജെ.പി ശത്രുത സ്ഥായിയായിരിക്കുമെന്ന് ഇതിനര്‍ഥമില്ല.
അതേസമയം, കടുത്ത വര്‍ഗീയ പ്രചാരണത്തിലൂടെ ഹിന്ദു ധ്രുവീകരണം സൃഷ്ടിക്കാനുള്ള തീവ്രയത്നമാണ് മോദിയും അമിത് ഷായും ഇപ്പോള്‍ നടത്തുന്നത്. സോമനാഥ് ക്ഷേത്രത്തിലെ ജീവനക്കാരെ ഉപയോഗിച്ച് രജിസ്റ്ററില്‍ കൃത്രിമം വരുത്തി രാഹുല്‍ ഗാന്ധി അഹിന്ദുവാണെന്ന് വരുത്താനുള്ള നീക്കം ബി.ജെ.പി നടത്തി. താന്‍ ശിവഭക്തനായ ഹിന്ദുമത വിശ്വാസിയാണെന്ന് രാഹുല്‍ മറുപടി പറഞ്ഞപ്പോള്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിത കൊളുത്തുന്ന വേളയില്‍ കുപ്പായത്തിന് മുകളില്‍ പൂണൂല് ധരിച്ചതിെൻറ ഫോട്ടോ കാണിച്ച് ശിവഭക്തര്‍ കുപ്പായത്തിന് മുകളില്‍ പൂണൂല് ധരിക്കുമോ എന്ന് ചോദിച്ച് ബി.ജെ.പി വാര്‍ത്തസമ്മേളനം നടത്തി.
അഹ്മദാബാദ് ആര്‍ച്ച് ബിഷപ് വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനം മോദി ഹിന്ദുത്വത്തിനെതിരായ ഫത്വയാക്കി. ഗൗതം അദാനിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഹാജരാകുന്നതില്‍ പ്രയാസം തോന്നാത്ത മോദി, സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി കപില്‍ സിബല്‍ ഹജരായി വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടത് രാമക്ഷേത്രം വൈകിപ്പിക്കാനുള്ള കോണ്‍ഗ്രസ് അജണ്ടയാണെന്ന് വരുത്തി. രാഹുലിനെ അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത് പരിഹസിക്കാന്‍ മോദി ഒൗറംഗസീബിെൻറ പേരുപയോഗിച്ചതും തെരഞ്ഞെടുപ്പ് വര്‍ഗീയമാക്കാനുള്ള യത്നത്തിെൻറ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.