ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി സുപ്രീംകോടതിയിൽ, ഗുജറാത്ത് വംശഹത്യ: 'അന്വേഷണ സംഘം തെളിവുകൾ അവഗണിച്ചു'
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവുകൾ അവഗണിച്ചെന്ന് കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി സുപ്രീംകോടതിയിൽ. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ അക്രമികൾ ചുട്ടുകൊന്ന ലോക്സഭ എം.പിയാണ് ഇഹ്സാൻ ജാഫ്രി. നീതിേബാധമുള്ള അന്വേഷണ ഉദ്യോഗസ്ഥനോ ധർമബോധമുള്ള ന്യായാധിപനോ ഒരിക്കലും തെളിവുകൾ നിരാകരിക്കാനാവില്ലെന്ന് സകിയ ജാഫ്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി. വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നൽകുന്ന മൊഴി ഒരു അന്വേഷണവും നടത്താതെ എസ്.ഐ.ടി അംഗീകരിച്ചു. ഇതിെന അന്വേഷണം എന്ന് എങ്ങനെ പറയാനാവുമെന്ന് സിബൽ ചോദിച്ചു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശരിയായി പ്രവർത്തിച്ചതുകൊണ്ടാണ് ഭാവ്നഗറിൽ മദ്റസാ വിദ്യാർഥികളെ ആക്രമികളിൽനിന്നും രക്ഷിച്ചത്. പൊലീസ് ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ വംശഹത്യ ഇല്ലാതാക്കാമായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കലാപമുണ്ടായപ്പോൾ അഹ്മദാബാദിൽ കർഫ്യൂ പ്രഖ്യാപിച്ചില്ല. സൈന്യത്തെ വിളിക്കുന്നത് മനഃപൂർവം വൈകിപ്പിച്ചു. മുസ്ലിംകളെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നത്. ഇതൊന്നും അന്വേഷണത്തിന് വിധേയമായില്ല. ഗോധ്ര ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുംമുമ്പ് 3,000 ആർ.എസ്.എസുകാരാണ് അവിടെ ഉണ്ടായിരുന്നത്.
ആസൂത്രണമില്ലാതെ ഇത്രയും പേർ എങ്ങനെ അവിടെ എത്തി. പൊലീസിനൊപ്പം മൃതദേഹങ്ങളെ അനുഗമിച്ചത് വി.എച്ച്.പി നേതാവ് ഗിരിരാജ് കിഷോറാണ്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതല്ലേയെന്നും സിബൽ ചോദിച്ചു. വിശ്വഹിന്ദു പരിഷത്താണ് ഗുജറാത്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തത്. പിന്നാലെ, കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ നിയോഗിച്ചു. ദിനേഷ് ത്രിവേദി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെ 55 പ്രതികൾക്കാണ് ജാമ്യം ലഭിച്ചെതന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. താനും വർഗീയ കലാപത്തിെൻറ ഇരയാണ് -സിബൽ പറഞ്ഞു. എസ്.ഐ.ടി അന്വേഷണത്തിനെതിരെ സകിയ ജാഫ്രി നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.