വിവാഹത്തിലൂടെ മതംമാറ്റം: ബില്ലിന് ഗുജറാത്തിലും അംഗീകാരം
text_fieldsഅഹ്മദാബാദ്: വിവാഹത്തിലൂടെ നിർബന്ധിത മതംമാറ്റം നടത്തിയാൽ പത്തുവർഷം വരെ ജയിൽശിക്ഷ ലഭിക്കുന്ന നിയമഭേദഗതി ബില്ലിന് ഗുജറാത്തിൽ അംഗീകാരം. ഏപ്രിൽ ഒന്നിന് നിയമസഭ പാസാക്കിയ 'ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതി ബില്ലി'ന് ഗവർണർ ആചാര്യ ദേവ്രത് അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ സംസ്ഥാനം ബജറ്റ് സെഷനിൽ പാസാക്കിയ 15 ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം ലഭിച്ചു. മതംമാറ്റം സംബന്ധിച്ച വിവാദ ഭേദഗതി പ്രകാരം വിവാഹത്തിലൂടെയുള്ള നിർബന്ധിത മതം മാറ്റം, ഇതിനുള്ള സഹായം നൽകൽ എന്നിവക്ക് മൂന്ന് മുതൽ അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ലഭിക്കാം.
മതംമാറുന്നവർ പ്രായപൂർത്തിയാകാത്തവരോ ദലിതരോ ആദിവാസികളോ ആണെങ്കിൽ ശിക്ഷ നാലുമുതൽ എഴു വർഷം വരെയും പിഴ മിനിമം മൂന്ന് ലക്ഷവുമാകും. സംഘടനയാണ് നിയമലംഘനത്തിനുപിന്നിലെങ്കിൽ, ഉത്തരവാദിയായ ആൾക്ക് ചുരുങ്ങിയത് മൂന്നുവർഷവും പരമാവധി പത്തുവർഷവും തടവുലഭിക്കും.
ഫെബ്രുവരിയിൽ വഡോദരയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ, സംസ്ഥാനത്ത് 'ലൗ ജിഹാദി'നെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞിരുന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശും യു.പിയും സമാന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.