‘മനുസ്മൃതി വായിക്കൂ, പണ്ട് 14ാം വയസ്സിൽ വിവാഹവും 17ൽ പ്രസവവും ഉണ്ടായിരുന്നു’ -ഗുജറാത്ത് ഹൈകോടതി
text_fieldsഅഹ്മദാബാദ്: പീഡനത്തിനിരയായി ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഹൈകോടതിയെ സമീപിച്ചപ്പോൾ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ജഡ്ജി. പണ്ടുകാലത്ത് 14-ഓ 15-ഓ വയസ്സിൽ പെൺകുട്ടികൾ വിവാഹിതരാവുകയും 17ാം വയസ്സിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നുവെന്ന് മനുസ്മൃതിയിലുണ്ടെന്നും വായിച്ചുനോക്കണമെന്നുമായിരുന്നു ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് സമീർ ദവെ പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിത തന്റെ ഏഴ് മാസം പൂർത്തിയായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയാണ് ഹരജി സമർപ്പിച്ചത്. ഇത് പരിഗണിച്ചപ്പോഴാണ് കോടതി വാക്കാൽ പരാമർശം നടത്തിയത്. ഗർഭച്ഛിദ്ര വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആദ്യം വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി രാജ്‌കോട്ട് സിവിൽ ആശുപത്രിയെ ചുമതലപ്പെടുത്തി. ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സമിതിയുടെ റിപ്പോർട്ടിന് ശേഷം ഗർഭമലിസിപ്പിക്കാൻ അനുവദിക്കണമോയെന്ന് കോടതി തീരുമാനിക്കും. ഗർഭസ്ഥ ശിശുവും ഗർഭിണിയും ആരോഗ്യവതിയാണെങ്കിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജൂൺ 15 ആണ് അടുത്ത വാദം കേൾക്കൽ.
“ഗർഭസ്‍ഥ ശിശുവിനോ അതിജീവിതക്കോ ഗുരുതര അസുഖങ്ങൾ കണ്ടെത്തിയാൽ ഗർഭച്ഛിദ്രം അനുവദിക്കുന്നത് കോടതിക്ക് പരിഗണിക്കാം. എന്നാൽ രണ്ടുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പെൺകുട്ടിയുടെ പ്രായം നിർണയിക്കുന്നതിനുള്ള പരിശാധനയും നടത്തണം. മനോരഗ വിദഗ്ധൻ പെൺകുട്ടിയുടെ മാനസികാരോഗ്യം പരിശോധിക്കുകയും വേണം’ -ജഡ്ജി പറഞ്ഞു. അടുത്ത വാദം കേൾക്കുന്ന ജൂൺ 15നകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദവെ ആശുപത്രിയോട് ആവശ്യപ്പെട്ടു.
‘കുഞ്ഞിനെ ദത്തുനൽകുന്നതിനുള്ള മാർഗം അന്വേഷിക്കണം’
ഗർഭം അലസിപ്പിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ കുഞ്ഞിനെ ദത്തുനൽകുന്നതടക്കമുള്ള മാർഗങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് ദവെ ആവശ്യപ്പെട്ടു. “ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടെത്തുകയും ഗർഭസ്ഥ ശിശുവിന് മതിയായ തൂക്കവുമുണ്ടെങ്കിൽ ഞാൻ അനുമതി നൽകില്ല. പെൺകുട്ടി പ്രസവിക്കുകയും കുഞ്ഞിന് ജീവനുണ്ടായിരിക്കുകയും ചെയ്താൽ നിങ്ങൾ എന്തു ചെയ്യും? ആ കുട്ടിയെ ആരു പരിപാലിക്കും? ഇത്തരം കുട്ടികൾക്കായി സർക്കാർ പദ്ധതികൾ ഉണ്ടോ എന്നും അന്വേഷിക്കണം. ആ കുട്ടിയെ ആർക്കെങ്കിലും ദത്ത് നൽകാൻ കഴിയുമോ എന്നകാര്യവും പരിശോധിക്കണം” -ജസ്റ്റിസ് ദവെ അഭിഭാഷകനോട് പറഞ്ഞു.
ഗർഭം 24 ആഴ്‌ച പിന്നിട്ടാൽ കോടതിയുടെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് അനുമതി തേടി 17 വയസുകാരിയായ ബലാത്സംഗ അതിജീവിവിതയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.