ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി
text_fieldsഅഹ്മദാബാദ്: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദൾ നേതാവ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. തീർത്തും തെറ്റിദ്ധാരണജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് അനിരുദ്ധ പി. മായീ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്നും കുട്ടികൾക്കടക്കം ആരോഗ്യപ്രശ്നമുണ്ടാക്കുന്നുവെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ഇത് തള്ളിയ ബെഞ്ച്, ക്ഷേത്രങ്ങളിൽ പൂജാസമയത്ത് വാദ്യോപകരണങ്ങളും മണിനാദവും മറ്റും പുറത്തുകേൾക്കുന്നതിനെപ്പറ്റി എന്തു പറയുന്നുവെന്ന് ചോദിച്ചു. ശബ്ദമലിനീകരണം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നാണ്. ബാങ്കുവിളി നിശ്ചിത ഡെസിബലിൽ കൂടുന്നുവെന്നതിന് തെളിവുണ്ടോയെന്നും ഹരജിക്കാരന്‍റെ വാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘‘ദിവസത്തിൽ വ്യത്യസ്ത സമയങ്ങളിലായി പരമാവധി 10 മിനിറ്റു മാത്രമാണ് ബാങ്കുവിളി നീണ്ടുനിൽക്കുന്നത്. പുലർച്ചെ ബാങ്കുവിളിക്കായി ലൗഡ് സ്പീക്കറിലൂടെ വരുന്ന മനുഷ്യശബ്ദം ജനങ്ങൾക്ക് ഹാനികരമായവിധത്തിൽ ശബ്ദമലിനീകരണമുണ്ടാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഇത്തരം പൊതുതാൽപര്യ ഹരജികൾ പ്രോത്സാഹിപ്പിക്കില്ല. വർഷങ്ങളായുള്ള വിശ്വാസമാണിത്. അതും അഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്നത്. നിങ്ങളുടെ ക്ഷേത്രങ്ങളിൽ പ്രഭാതപൂജക്കായുള്ള വാദ്യശബ്ദങ്ങളും മറ്റും പുലർച്ച മൂന്നു മണിക്ക് തുടങ്ങുന്നില്ലേ. ഇത് ആർക്കും ഒരു ശബ്ദമലിനീകരണവും സൃഷ്ടിക്കുന്നില്ലേ? ഈ ശബ്ദങ്ങൾ ക്ഷേത്രവളപ്പിനുള്ളിൽ ഒതുങ്ങാറുണ്ടെന്നാണോ നിങ്ങൾ വാദിക്കുന്നത്’’ -ബജ്റംഗ്ദൾ നേതാവായ ശക്തിസിങ് സാലയുടെ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.