രാഹുൽ ഗാന്ധിയുടെ അപ്പീൽ: വാദം കേൾക്കുന്നതിൽനിന്ന് പിൻമാറി ഗുജറാത്ത് ഹൈകോടതി ജഡ്ജി
text_fields‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കേണ്ട ജഡ്ജി ജസ്റ്റീസ് ഗീത ഗോപി വാദം കേൾക്കുന്നതിൽനിന്ന് പിൻമാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റീസിന് കൈമാറണമെന്ന് അവർ നിർദേശം നൽകിയതായി കോടതി രജിസ്‍ട്രി അറിയിച്ചു. പുതിയ ജഡ്ജിക്ക് കൈമാറൽ രണ്ടു ദിവസമെടുക്കുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ് ചാപനേരി വ്യക്തമാക്കി.
‘മോദി’ എന്ന പേരിനെ കുറിച്ച പരാമർശത്തിന്റെ പേരിൽ കീഴ്കോടതി രണ്ടുവർഷം ശിക്ഷിച്ചതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിക്ഷ ശരിവെച്ചിരുന്നു. തുടർന്നാണ്, ഹൈകോടതിയിൽ അപ്പീൽ നൽകിയത്. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് അംഗത്വം നഷ്ടമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അടുത്ത എട്ടു വർഷത്തേക്ക് പാർലമെന്റിലേക്ക് മത്സരിക്കാനും രാഹുലിന് വിലക്കുണ്ട്.
ക്രിമിനൽ അപകീർത്തികേസിൽ പരമാവധി ശിക്ഷയാണ് രണ്ടു വർഷത്തെ ജയിൽ. ഒരു പാർലമെന്റ് അംഗത്തെ അയോഗ്യനാക്കാനുള്ള ഏറ്റവും ചുരുങ്ങിയ ശിക്ഷാകാലാവധിയും ഇതാണ്. രാഹുൽ ഗാന്ധിക്കെതിരെ ഭരണകൂടം നടത്തുന്നത് പകപോക്കലാണെന്നും പാർലമെന്റ് അംഗത്വം അയോഗ്യനാക്കുക വഴി ജനാധിപത്യത്തെയാണ് വധിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണത്തിനിടെ ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേരു വന്നത്’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഇതിനെതിരെ മുൻ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്.
മാർച്ച് 23നാണ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. ഏപ്രിൽ 20ന് സെഷൻസ് കോടതി ശിക്ഷ ശരിവെച്ചു. ഹൈകോടതിയിൽ കേസ് പരിഗണനക്കു വന്നപ്പോഴാണ് താൻ വാദം കേൾക്കാനില്ലെന്ന് ജസ്റ്റീസ് ഗീത ഗോപി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.