ബി.ജെ.പി നേതാവ് ഹാർദിക് പട്ടേലിന് മെഹ്സാന ജില്ലയിൽ പ്രവേശിക്കാൻ അനുമതി
text_fieldsഅഹമ്മദാബാദ്: സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെ ബി.ജെ.പി നേതാവ് ഹാർദിക് പട്ടേലിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മെഹ്സാന ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈകോടതി. പാട്ടീദാർ സംവരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഹാർദിക് പട്ടേലിനെ 2017ൽ കോടതി ശിക്ഷിച്ചിരുന്നു. കേസിൽ ജാമ്യം അനുവദിച്ചപ്പോൾ മെഹ്സാന ജില്ലയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് ഹൈകോടതി വിലക്ക് 2023 നവംബർ വരെ ഒഴിവാക്കി ജാമ്യവ്യവസ്ഥ ലഘൂകരിച്ചത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച ഹാർദിക് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
പാട്ടിദാർ സംവരണ പ്രക്ഷോഭങ്ങളുടെ നേതാവായി ദേശീയശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ ആദ്യം കോൺഗ്രസിൽ ചേർന്നിരുന്നു. വർക്കിങ് പ്രസിഡന്‍റ് സ്ഥാനവും ലഭിച്ചു. എന്നാൽ, പാർട്ടി തന്നെ തുടർച്ചയായി അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ രാജിവെച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജി കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ഒന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം അഞ്ചിനും നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കാണ് മത്സരം. കേവല ഭൂരിപക്ഷമായ 92 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കാനാകും. 25 വർഷമായി ബി.ജെ.പിയാണ് ഭരണത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.