‘സവർക്കർക്കെതിരെയും രാഹുൽ പരാമർശം നടത്തി’; സ്റ്റേ അനുവദിക്കാത്തതിന് ഗുജറാത്ത് ഹൈകോടതിയുടെ ന്യായം
text_fieldsഗാന്ധിനഗർ: രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം നിരവധി പരാതികൾ വിവിധയിടങ്ങളിൽ ഉണ്ടെന്നും സവർക്കറെ അപകീർത്തിപ്പെടുത്തിയതിന് കൊച്ചുമകൻ തന്നെ പരാതി നൽകിയിട്ടുണ്ടെന്നും ഗുജറാത്ത് ഹൈകോടതി. ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന തള്ളി പുറപ്പെടുവിച്ച വിധിയിലാണ് ഗുജറാത്ത് ഹൈകോടതിയുടെ പരാമർശം.
‘‘രാഹുൽ ഗാന്ധി തീർത്തും നിലവിലില്ലാത്ത കാരണങ്ങളാൽ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ശ്രമിക്കുന്നു. ശിക്ഷയിൽ സ്റ്റേ എന്നത് ഒരു നിയമമല്ല. രാഹുലിനെതിരെ 10 കേസുകൾ നിലവിലുണ്ട്. രാഷ്ട്രീയത്തിൽ ശുദ്ധീകരണം വേണം. കേംബ്രിഡ്ജിൽവെച്ച് സവർക്കർക്കെതിരെ രാഹുൽ പരാമർശം നടത്തിയതിന് സവർക്കറുടെ ചെറുമകൻ പുണെ കോടതിയിൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുന്നത് ഒരു തരത്തിലും അപേക്ഷകനോട് അനീതിക്ക് കാരണമാകില്ല. ശിക്ഷ സ്റ്റേ ചെയ്യാൻ ന്യായമായ കാരണങ്ങളൊന്നുമില്ല. രാഹുലിനെതിരായ ശിക്ഷാവിധി ന്യായവും ഉചിതവും നിയമപരവുമാണ്’’ -എന്നാണ് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ബെഞ്ച് നിരീക്ഷിച്ചത്.
അതേസമയം, ഗുജറാത്ത് ഹൈകോടതിയിൽനിന്ന് മറ്റൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.
2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ ‘മോദി’ സമുദായത്തെ രാഹുൽ അവഹേളിച്ചെന്നാണ് കേസ്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി.... എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.