ഹിമാചൽ തിരിച്ചെടുത്ത് കോൺഗ്രസ്; ഗുജറാത്തിൽ വൻ നേട്ടം കൊയ്ത് ബി.ജെ.പി
text_fieldsന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും നേട്ടം. ചരിത്ര വിജയത്തോടെ ഗുജറാത്തിൽ ഏഴാം തവണയും ബി.ജെ.പി അധികാരം നിലനിർത്തിയപ്പോൾ, ഹിമാചൽപ്രദേശിൽ ബി.ജെ.പിയെ തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചു വന്നു.
182 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ 156 സീറ്റ് നേടിയാണ് ബി.ജെ.പി ഏഴാം തവണയും ഭരണത്തിലേറിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർട്ടി ഇത്രയും സീറ്റുകൾ നേടുന്നത്. കോൺഗ്രസിന് 17 സീറ്റുകൾ മാത്രമാണ് നേടാനായത്. അഞ്ച് സീറ്റുകളിൽ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റമുണ്ടായി.
ഹിമാചൽപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റുകളുമായാണ് കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. 25 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം. മൂന്ന് ബി.ജെ.പി വിമതരും ഇവിടെ വിജയിച്ചിട്ടുണ്ട്. 35 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.
ഗുജറാത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ നേട്ടമാണ് ബി.ജെ.പിക്കുണ്ടായത്. ചരിത്രത്തിലാദ്യമായാണ് ഗുജറാത്തിൽ ഒരു പാർട്ടി 150ലേറെ സീറ്റുകൾ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി കാടിളക്കി നടത്തിയ പ്രചാരണമാണ് ബി.ജെ.പിക്ക് ഗുണകരമായത്.
ഹിന്ദുത്വത്തിൽ ഊന്നിയുള്ള ആം ആദ്മി പാർട്ടിയുടെ പ്രചാരണം ബി.ജെ.പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയില്ല. പകരം കോൺഗ്രസ് വോട്ടുബാങ്കിൽ അത് പ്രതിഫലിച്ചു. ഭരണവിരുദ്ധ വികാരം അലയടിച്ച ഹിമാചലിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായതാണ് ബി.ജെ.പിയുടെ തിരിച്ചടിക്കുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.