ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബി.ജെ.പി. 68 മുനിസിപ്പാലിറ്റികളിൽ 60 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിൽ. ജുനഗഡ് മുനിസിപ്പൽ കോർപറേഷനിലും ബി.ജെ.പി ജയിച്ചു. മൂന്ന് താലൂക്ക് പഞ്ചായത്തുകളിലും വിജയം നേടി. ഈ മാസം 16നായിരുന്നു വോട്ടെടുപ്പ്. കോൺഗ്രസ് ഭരിച്ചിരുന്ന 15 മുനിസിപ്പാലിറ്റികൾ ബി.ജെ.പി പിടിച്ചു. കോൺഗ്രസിന് ഒരേയൊരു മുനിസിപ്പാലിറ്റിയാണ് കിട്ടിയത്. സമാജ്വാദി പാർട്ടിക്ക് (എസ്.പി) രണ്ട് മുനിസിപ്പാലിറ്റികളുടെ ഭരണം കിട്ടി. 2023ൽ ഗുജറാത്ത് സർക്കാർ ഒ.ബി.സിക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 27 ശതമാനം ക്വോട്ട പ്രഖ്യാപിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദേവ്ഭൂമി ദ്വാരക ജില്ലയിലെ സലയ മുനിസിപ്പാലിറ്റിയിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ഇവിടെ 28ൽ 15 സീറ്റ് നേടി കോൺഗ്രസ് ഭരണം നിലനിർത്തി.
ഇവിടെ ആം ആദ്മി പാർട്ടി 13 സീറ്റുകൾ നേടി. മുസ്ലിം സ്വാധീനമുള്ള പ്രദേശമാണിത്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 14 മുനിസിപ്പാലിറ്റികളിൽ കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നേടിയിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ മറ്റ് രണ്ട് മുനിസിപ്പാലിറ്റികളും ഭരിച്ചു. കുടിയന മുനിസിപ്പാലിറ്റിയിൽ അധികാരത്തിലിരുന്ന ബി.ജെ.പിയെ തറപറ്റിച്ചാണ് എസ്.പി ജയിച്ചത്. പോർബന്ദറിലെ രാണവാവ് മുനിസിപ്പാലിറ്റിയിലും ഇവർ എൻ.സി.പിയിൽനിന്ന് അധികാരം പിടിച്ചു. ഗുജറാത്തിലെ എസ്.പിയുടെ ഒരേയൊരു എം.എൽ.എയായ കന്ധൽ ജഡേജയുടെ നേതൃത്വ മികവാണ് വിജയത്തിലേക്കുള്ള വഴിതുറന്നത്.
ഇദ്ദേഹം നേരത്തേ എൻ.സി.പിയിലായിരുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് എസ്.പിയിലേക്ക് മാറി കുടിയനയിൽനിന്ന് ജയിച്ചത്. അഞ്ചു മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.