വീണ്ടും ഗോരക്ഷാ ഗുണ്ടകളുടെ മർദനം
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ കന്നുകാലികളെ കടത്തിയതിന് 50കാരനെ ഗോരക്ഷാ ഗുണ്ടകൾ മർദിച്ച് അവശനാക്കി. ഗുജറാത്തിലെ അലംപൂർ സ്വദേശിയായ ഡ്രൈവർ ഫകിർ മുഹമ്മദ് സെയ്ദിനാണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ സെയ്ദ് ഗാന്ധി നഗർ ആശുപത്രിയിൽ ചികിത്സയിലാണ്.
മെഹ്സാന ജില്ലയിലെ കാദിയിൽ നിന്ന് അഹമ്മദാബാദിലേക്ക് കന്നുകാലികളെ കടത്തിയതിനാണ് വാഹനത്തിെൻറ ഡ്രൈവറെ മർദിച്ചത്. സെയ്ദിെൻറ ശരീരത്തിലെ ഒന്നിലേറെ എല്ലുകൾ പൊടിയുകയും നിരവധി പരിക്കുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളായ മൂന്ന് ഗോരക്ഷാ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ ഘട്ലോദിയ മേഖലയിൽ നിന്നുള്ള ആനന്ദ് റാബരി, ലഭു റാബരി, രഘു റാബരി എന്നിവരാണ് അറസ്റ്റിലായവർ.
നാലു കാളകളും ഒരു പോത്തുമായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് സെയ്ദ് പറഞ്ഞു. യാത്രക്കിടെ അദലാജിൽ രണ്ടുപേർ വാഹനം തടഞ്ഞു നിർത്തി. അവർ വാഹനം കൈയടക്കി മറ്റൊരു വഴിയിലൂടെ കൊണ്ടുപോയി. തെൻറ ഫോണും 10,000 രൂപയും പിടിച്ചു വാങ്ങി. അതിനു ശേഷം അവിടേക്ക് 10 പേർ കൂടി വന്നു. താൻ കന്നുകാലികളെ കശാപ്പിന് കൊണ്ടുപോവുകയായിരുന്നെന്ന് കുറ്റസമ്മതം നടത്തണമെന്ന് അവർ നിർബന്ധിച്ചു. അതിെൻറ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അതിനു ശേഷം തെൻറ വലതു കാൽ ഒടിഞ്ഞു തൂങ്ങും വരെ മരക്കഷണം കൊണ്ട് മർദിച്ചുവെന്നും സെയ്ദ് പറഞ്ഞു.
മൃഗങ്ങളെ രക്ഷിച്ച ശേഷം തന്നെയും വാഹനവും കത്തിക്കുമെന്ന് ഭീഷണിെപ്പടുത്തിയതായും സെയ്ദ് പറയുന്നു. ഗാന്ധി നഗറിലെ അദലാജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സെയിദിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കന്നുകാലികളെ അനുമതിയില്ലാതെ കടത്തിയതിനാണ് സെയിദിനെതിരെ കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.