ഗുജറാത്ത് ‘വികസന മാതൃക’ പൊളിയുന്നു; മരണക്കളമായി സിവിൽ ആശുപത്രി
text_fieldsഅഹ്മദാബാദ്: മുസ്ലിം, ഹിന്ദു വാർഡുകൾ വേർതിരിച്ചുവെന്ന വാർത്തയിലൂടെ മാധ്യമങ്ങളിൽ ഇടംപിടിച്ച ആശുപത്രിയാണ് അഹ്മദാബാദിലെ ഗവ. സിവിൽ ഹോസ്പിറ്റൽ. പ്രധാനമന്ത്രിയുടെ നാട്ടിൽ രോഗികളെ മതംതിരിച്ച് ചികിത്സിക്കുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത കഴിഞ്ഞമാസം വൻ വിവാദമാണ് സൃഷ്ടിച്ചത്.
വർഗീയതയുടെ പ്രകടമായ ഈ നീക്കത്തിനെതിരെ വ്യാപക വിമർശനം രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഉയർന്നു. ഇത് അൽപം കെട്ടടങ്ങിയപ്പോൾ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ആശുപത്രിയെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. നരേന്ദ്ര മോദിയുടെ “വികസന മാതൃക”യായ ഗുജറാത്തിലെ ആരോഗ്യരംഗം നേരിടുന്ന ശോചനീയാവസ്ഥയുടെ തെളിവാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ.
രൂക്ഷവിമർശനവുമായി ഹൈകോടതി
കുതിച്ചുയരുന്ന മരണക്കണക്കിെൻറ പേരിലാണ് സിവിൽ ആശുപത്രി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഹെഡ് നഴ്സ് കാതറിൻ ക്രിസ്റ്റ്യൻ ഉൾപ്പെടെ 400ലേറെ പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിലെ മോശം പരിതസ്ഥിതിയെ കുറിച്ച് ഗുജറാത്ത് ഹൈകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വിജയ് രൂപാനി സർക്കാറിനെയും കോടതി നിർത്തിപ്പൊരിച്ചു. ഏകോപനമില്ലാത്തതും ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയുമാണ് ഈ ദുരന്തത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ അന്വേഷണ വിധേയമാക്കണമെന്നും ഇതിനായി സ്വതന്ത്ര ഡോക്ടർമാരുടെ സമിതി രൂപവത്കരിക്കണമെന്നും ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിനോട് ഉത്തരവിട്ടു.
ആശുപത്രിയിലെ ദുരിതം ചൂണ്ടിക്കാട്ടി ഒരു റസിഡൻറ് ഡോക്ടർ കോടതിക്ക് ഊമക്കത്ത് എഴുതിയതിലൂടെയാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. ശസ്ത്രക്രിയ വേളകളിൽ പോലും ഡോക്ടർമാർക്ക് പി.പി.ഇ കിറ്റ് ലഭിക്കുന്നില്ലെന്നും ആശുപത്രി നാഥനില്ലാ കളരിയാണെന്നും കത്തിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഈ കത്തിന് യാതൊരു പ്രാധാന്യവും നൽകരുതെന്നാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്. ഈ വാദം നിരസിച്ച കോടതി, ഇതങ്ങനെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്ന് വ്യക്തമാക്കി. ആശുപത്രിയിൽ ജഡ്ജിമാർ മിന്നൽ സന്ദർശനം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് രോഗികൾ തെരുവിൽ; മൃതദേഹം റോഡരികിൽ
ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയതും രാജ്യത്തെ ഞെട്ടിച്ചു. ഗണപത് ഭായ് വരുഭായ് മക്വാന എന്ന 67കാരനായിരുന്നു ഈ ദുര്യോഗം. മേയ് 10ന് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഗണപത് ഭായിയെ 15നാണ് മരിച്ചനിലയിൽ കണ്ടത്. വീട്ടിനടുത്ത ഡാനിലിംഡയിലെ ബസ്സ്റ്റോപ്പിലായിരുന്നു മൃതദേഹം.
ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ, രോഗം കുറഞ്ഞതിനാൽ തലേന്ന് ഡിസ്ചാർജ് ചെയ്തുവെന്നായിരുന്നു മറുപടി. എന്നാൽ, ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്ന് കുടുംബം വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം പോലും ഇവർ അറിഞ്ഞത്. മരിച്ച ശേഷം ആംബുലൻസ് പോലും നൽകാതെ അധികൃതർ അവഗണിച്ചതായും മകൻ കീർത്തി മക്വാന വെളിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 20ന് ഇവിടെ പ്രവേശനം നിഷേധിക്കപ്പെട്ട 25 ഓളം കോവിഡ് രോഗികൾ മണിക്കൂറുകൾ തെരുവിൽ ചെലവഴിച്ചതും വിവാദമായിരുന്നു. കൂട്ടത്തിലൊരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സർക്കാർ ഇവരെ തിരിഞ്ഞുനോക്കിയത്.
മെയ് 11ന് അഡ്മിറ്റായ ഉമേഷ് തമൈച്ച (44) എന്ന ഹതഭാഗ്യനും ആശുപത്രിയുടെ കെടുകാര്യസ്ഥതക്ക് ഇരയായി. മെയ് 16ന് പുലർച്ചെ ഇദ്ദേഹം മരണപ്പെട്ടിട്ടും 10 മണിക്കൂറിനുശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചത്. “മരണത്തെക്കുറിച്ച് വൈകുന്നേരം മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. അതുവരെ അദ്ദേഹത്തിന് നൽകിയ ചികിത്സയെക്കുറിച്ചും അദ്ദേഹത്തിെൻറ അവസ്ഥ എങ്ങനെ, എപ്പോൾ വഷളായി എന്നതിനെക്കുറിച്ചും ഞങ്ങൾക്ക് അറിയില്ലായിരുന്നു” തമൈച്ചയുടെ സഹോദരി കൽപന പറഞ്ഞു. മൃതദേഹത്തിലുണ്ടായിരുന്ന വാച്ചും മൊബൈൽ ഫോണും മോഷ്ടിക്കപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ മൃതദേഹത്തിൽനിന്ന് മോഷണം പോകുന്നത് ഇവിടെ പുതിയ കാര്യമല്ല. ഒരു സ്ത്രീയുടെ സ്വർണ്ണാഭരണം, പണം, മൊബൈൽ ഫോൺ എന്നിവ മരണശേഷം മോഷ്ടിക്കപ്പെട്ടതായി നേരത്തെ പരാതി ഉയർന്നിരുന്നു.
ലോകം കോവിഡ് മുന്നൊരുക്കത്തിൽ; ഗുജറാത്തിൽ ‘നമസ്‌തേ ട്രംപ്’
മഹാമാരിയെ തടയാൻ ലോകം ഒന്നാകെ മുൻകരുതൽ എടുക്കുേമ്പാൾ ഗുജറാത്ത് ‘നമസ്‌തേ ട്രംപി’നുള്ള തകൃതിയായ ഒരുക്കത്തിലായിരുന്നു. ഇതിനുള്ള കനത്ത വിലയാണ് ഇപ്പോൾ സംസ്ഥാനത്തെ പൗരൻമാർ ഒടുക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 17നാണ് അഹമ്മദാബാദിൽ ആദ്യത്തെ കോവിഡ് കേസ് രേഖപ്പെടുത്തിയത്. മാസാവസാനം 30ൽ താഴെയായിരുന്നു കേസുകൾ. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. അതിനുശേഷം, വെറും രണ്ട് മാസത്തിനുള്ളിൽ എണ്ണം കുതിച്ചുയർന്നു. ആകെ രോഗികൾ പതിനയ്യായിരത്തോളവും മരണം തൊള്ളായിരവും പിന്നിട്ടു. കർശനമായ ലോക്ഡൗൺ നടപ്പാക്കിയിട്ടും ഇതാണ് അവസ്ഥ.
ഏകദേശം 6.5 ശതമാനമാണ് അഹമ്മദാബാദിെൻറ മരണനിരക്ക്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഗുജറാത്തിൽ മൊത്തം കേസുകളിൽ 74 ശതമാനവും മരണങ്ങളിൽ 80 ശതമാനവും അഹമ്മദാബാദിലാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗുജറാത്തിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളാണ് ഈ ദുരന്തത്തിന് വഴിയൊരുക്കിയത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഫെബ്രുവരി അവസാനം യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ അഹ്മദാബാദ് സന്ദർശനമായ ‘നമസ്‌തെ ട്രംപി’െൻറ ഒരുക്കത്തിലായിരുന്നു സംസ്ഥാനം.
1.25 ലക്ഷം പേരെയാണ് പ്രസിഡൻറ് ട്രംപും പ്രധാനമന്ത്രി മോദിയും മോട്ടേര സ്റ്റേഡിയത്തിൽ അഭിസംബോധന ചെയ്തത്. ഫെബ്രുവരി 24ന് നടന്ന പരിപാടിക്ക് വേണ്ടി സംസ്ഥാന സർക്കാറും അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും തങ്ങളുടെ മുഴുവൻ സന്നാഹങ്ങളും ഉഴിഞ്ഞുവെച്ചു. ജനുവരി പകുതിയും ഫെബ്രുവരി മുഴുവനും ഇതിനുള്ള തയാറെടുപ്പിലായിരുന്നു. ജനുവരി 30ന് ലോകാരോഗ്യ സംഘടന ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിരുന്നുവെന്ന് പ്രത്യേകം ഓർക്കണം.
ട്രംപിെൻറ സന്ദർശനം കഴിഞ്ഞ് 10 ദിവസത്തിനുശേഷമാണ് സർക്കാറിന് കോവിഡിനെ കുറിച്ച് ബോധമുദിച്ചത്. മാർച്ച് 5ന് പ്രതിരോധ പദ്ധതി പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് വരുന്നവരുടെ ഊഷ്മാവ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിക്കുക എന്നതായിരുന്നു ഇതിൽ പ്രധാന ഇനം. ക്രമേണ ആഭ്യന്തര യാത്രക്കാരെയും പരിശോധിക്കാൻ തുടങ്ങി. മാർച്ച് 6 മുതൽ 22 വരെ 6,000 യാത്രക്കാരാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. മാർച്ച് 15ന് ശേഷം വന്നവരോട് രണ്ടാഴ്ച വീട്ടിൽ ക്വാറൻറീനിൽ തുടരാൻ ആവശ്യപ്പെട്ടു.
കൊറോണക്കിടയിലും കുതിരക്കച്ചവടം
അധികാരം കൈക്കലാക്കാനുള്ള ബി.ജെ.പിയുടെ തുറുപ്പ് ചീട്ടായ കുതിരക്കച്ചവടത്തിന് കൊറോണക്കാലത്തും യാതൊരു മുടക്കവും നേരിട്ടില്ല. സംസ്ഥാനത്തെ നാല് സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടായിരുന്നു അഭ്യാസം. മൂന്ന് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഒന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഒരുസീറ്റുള്ള കോൺഗ്രസിന് ഒന്നുകൂടി ലഭിക്കാനും സഹായകമായിരുന്നു കക്ഷിനില. ഈ സാഹചര്യത്തിലാണ് സീറ്റുകൾ നിലനിർത്താൻ ഭരണകക്ഷിയായ ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചത്.
ഈ വിലപേശൽ ഓപറേഷെൻറ ഭാഗമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ച് കോൺഗ്രസ് എം.എൽ.എമാർ സഭയിൽനിന്ന് രാജിവച്ചു. ചാക്കിട്ടുപിടിത്തം തടയാൻ ശേഷിക്കുന്ന എം.എൽ.എമാരെ പ്രതിപക്ഷം രാജസ്ഥാനിലേക്ക് കടത്തി. ആരോഗ്യരംഗത്ത് പ്രതിസന്ധി രൂക്ഷമാകുേമ്പാൾ ഇവിടെ രാഷ്ട്രീയ നാടകം പുരോഗമിക്കുകയായിരുന്നുവെന്ന് ചുരുക്കം.
കോവിഡ് ഭീഷണി ഗുരുതരമായതിനാൽ നിയമസഭാ സമ്മേളനം അനിശ്ചിതമായി നീട്ടിവെക്കണമെന്ന് മാർച്ച് 13ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിച്ച സർക്കാർ, നിയമസഭാ നടപടികൾ മാർച്ച് 23 വരെ തുടർന്നു.
വൈകി വന്ന വിവേകം
മരണനിരക്ക് കുതിച്ചുയരുകയും രോഗികളുടെ എണ്ണം നാൾക്കുനാൾ പെരുകുകയും ചെയ്തതോടെ ഗുജറാത്തിൽ കാര്യങ്ങൾ കൈവിട്ടെന്ന് കേന്ദ്രത്തിലുള്ളവർക്ക് മനസ്സിലായി. വൈകിയുദിച്ച ഈ ബോധം പക്ഷേ കാര്യമായ ഫലം ചെയ്തില്ല. ഒടുവിൽ കർശന നടപടികൾ ഉടൻ കൈക്കൊള്ളാൻ രൂപാനി സർക്കാറിനോട് നിർദ്ദേശിച്ചു.
തുടർന്ന്, അഹ്മദാബാദിൽ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയെ സംസ്ഥാന സർക്കാർ നിയമിച്ചു. മുതിർന്ന ഉദ്യോഗസ്ഥനായ മുകേഷ് കുമാറിനെ മുനിസിപ്പൽ കമ്മീഷണറായും നിയമിച്ചു. ചീഫ് സെക്രട്ടറി അനിൽ മുകിം, പ്രധാനമന്ത്രിയുടെ പ്രതിനിധി കെ. കൈലാസ്നാഥൻ എന്നിവരും നഗരത്തിൽ ശ്രദ്ധയൂന്നി. അഹ്മദാബാദിനാണ് തെൻറ മുൻഗണന എന്ന് മുഖ്യമന്ത്രി രൂപാനിയും പ്രസ്താവനയിറക്കി. എയിംസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ അഹമ്മദാബാദിലേക്ക് അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി അഭ്യർഥിക്കുകയും ചെയ്തു.
ഭാരം മുഴുവൻ ഡോക്ടർമാരിൽ
മിൽക് ബൂത്തുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ അവശ്യ സേവനങ്ങളും അടച്ചുപൂട്ടി. കർശനമായ ലോക്ഡൗൺ നടപ്പാക്കിയിട്ടും കേസുകളുടെ എണ്ണത്തിൽ മാത്രം ഇടിവുവന്നില്ല. ഒടുവിൽ രോഗത്തെ നേരിടാനുള്ള എല്ലാഭാരവും സർക്കാർ ആശുപത്രികളുടെ മാത്രം ചുമലിലായി.
മഹാമാരി പടർന്നുപിടിച്ച അഹ്മദാബാദ് നഗരത്തിലെ കോവിഡ് ചികിത്സാ കേന്ദ്രമായി സിവിൽ ഹോസ്പിറ്റൽ മാറി. മോശം നടത്തിപ്പിന് പുറമെ, ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെയുള്ളവരുടെ അഭാവവും കാരണം പൊറുതിമുട്ടുന്ന ഇവിടെയാണ് സംസ്ഥാനത്തെ മൊത്തം മരണങ്ങളിൽ 50 ശതമാനത്തോളവും രേഖപ്പെടുത്തിയത്. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽനിന്ന് മുതിർന്ന ഡോക്ടർമാർ വിട്ടുനിൽക്കുകയും ചെയ്തു. അതിനാൽ, റസിഡൻറ് ഡോക്ടർമാർ, ജൂനിയർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കോവിഡ് പ്രതിരോധത്തിെൻറ മുഴുവൻ ഉത്തരവാദിത്വവും വന്നുചേർന്നത്.
കേസുകളുടെ എണ്ണം വർധിച്ചിട്ടും പരിശോധന ഗണ്യമായി കുറച്ചതായി ആരോപണം ഉയർന്നു. മൊത്തം സാമ്പിളുകളുടെ 20 ശതമാനമാണ് സംസ്ഥാനത്ത് പോസിറ്റീവ് രേഖപ്പെടുത്തുന്നത്.
അതേസമയം, ഭീതിപ്പെടുത്തുന്ന മരണ നിരക്ക് സിവിൽ ആശുപത്രിയിൽ ജനങ്ങൾക്കുള്ള വിശ്വാസവും നഷ്ടപ്പെടുത്തി. നേരത്തെ കോവിഡ് ബാധിച്ച് മരിച്ച ഉമേഷ് തമൈചയുടെ ഭാര്യക്കും മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ അവരെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുവരും സുഖം പ്രാപിച്ചതായി തമൈചയുടെ സഹോദരി കൽപന പറഞ്ഞു. ഇതുപോലെ നിരവധിപേർ സർക്കാർ ആശുപത്രികളോട് മുഖം തിരിക്കുന്നുണ്ട്.
ഇപ്പോൾ, നഗരത്തിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെല്ലാം ഉൾക്കൊള്ളാവുന്നതിെൻറ പരമാവധി രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഹോട്സ്പോട്ടുകൾ ഒഴികെ എല്ലായിടത്തും ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ അടുത്ത ദിവസങ്ങൾ വളരെ നിർണായകമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.