മോർബി ദുരന്തം; ടിക്കറ്റ് വിൽപനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പടെ ഒമ്പതുപേർ അറസ്റ്റിൽ
text_fieldsഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 130ലധികം പേർ മരിച്ച സംഭവത്തിൽ ഒമ്പതുതു പേർ അറസ്റ്റിൽ. പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരും തൂക്കുപാലത്തിലെ ടിക്കറ്റ് വിൽപനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത ഒറേവ എന്ന കമ്പനി നിരവധി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം തുറന്നുകൊടുത്തിട്ട് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അപകടം.
മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറേവ കമ്പനി കരാർ ഏറ്റെടുത്തത്. ഏഴു മാസത്തിനുശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സരദിനത്തിലാണു പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾക്കുമായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഏഴു മാസത്തിനുശേഷം പാലം തുറന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
ഏകദേശം 500 പേർക്ക് ഇന്നലെ 12 രൂപ മുതൽ 17 രൂപ വരെ നിരക്കിലാണ് ടിക്കറ്റ് വിറ്റത്. ഇത്രയധികം ആളുകൾ തടിച്ചുകൂടിയതിനാൽ പഴയ മെറ്റൽ കേബിളുകൾ പൊട്ടാൻ കാരണമായി. ഏകദേശം 125 ഓളം ആളുകൾക്ക് മാത്രമേ പാലത്തിൽ ഒരേസമയം കയറാൻ സാധിക്കൂ. പാലത്തിൽ കയറിയ ചിലർ കേബിളുകൾ മനഃപൂർവം കുലുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് ടിക്കറ്റ് വിൽപനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്.
മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദർശനം നടത്തും. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മോദി മോർബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സർക്കാർ ഇരകളുടെ കുടുംബത്തോടൊപ്പമുണ്ടെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.