ഗ്യാസ് മണം അറിയിക്കാൻ അയൽവാസി വാതിലിൽ മുട്ടി, സ്വിച്ചിട്ടതും വൻ സ്ഫോടനം; മരിച്ചത് ഒരു കുടുംബത്തിലെ ഒമ്പത് പേർ
text_fieldsഅഹമ്മദാബാദ്: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ദാരുണമായ അപകടം നടന്നത്. ഒരു മുറിയിൽ ഉറങ്ങിക്കിടക്കുന്നവരാണ് കൊല്ലപ്പെട്ടത്.
രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), സര്‍ജു (22), വൈശാലി (7), നിതേ (6), പായല്‍ (4), ആകാശ് (2) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളും കുട്ടികളുമാണ് മരിച്ചത്.
ജൂലൈ 20ന് രാത്രിയാണ് ദാരുണസംഭവം നടന്നത്. ഇടുങ്ങിയ മുറിയിലായിരുന്നു കുട്ടികൾ ഉൾപ്പെടെ 10 പേർ ഉറങ്ങിയത്. മുറിക്കുള്ളിൽ തന്നെയായിരുന്നു ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചത്. സിലിണ്ടർ ചോർന്ന് ഗ്യാസ് പരക്കാൻ തുടങ്ങിയിട്ടും ഇവർ അറിഞ്ഞിരുന്നില്ല.
ഗ്യാസ് മണം ശ്രദ്ധിച്ച അയൽവാസി വിവരമറിയിക്കാൻ വാതിലിൽ മുട്ടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്നവരിലൊരാൾ എഴുന്നേറ്റ് സ്വിച്ചിട്ടതും വൻ സ്ഫോടനം സംഭവിക്കുകയായിരുന്നു. 10 പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പത് പേരും അടുത്ത ദിവസങ്ങളിലായി മരിച്ചു. ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.