പശു കേന്ദ്രിത വ്യവസായത്തിനായി ഗുജറാത്തിൽ സ്റ്റാർട്ട് അപ് പദ്ധതി
text_fieldsഗാന്ധിനഗർ: പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഗുജറാത്ത് സര്‍ക്കാർ സ്റ്റാർട്ട് അപ്പുകൾ കൊണ്ടുവരുന്നു. പശു സംരക്ഷണത്തിന് സംസ്ഥാനത്ത് പുതിയ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതുവഴി പശുക്കളിൽനിന്നുള്ള വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന വ്യവസായ സംരംഭങ്ങൾ ബി.ജെ.പി സർക്കാർ ആരംഭിക്കും.
പാൽ, നെയ്യ് എന്നിവയെ കൂടാതെ ചാണകം, ഗോമൂത്രം, മരുന്നുകൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയും വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനും ഇൗ ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്ത് പുതിയ മാർഗങ്ങളിലൂടെ വിൽപന നടത്താനുമാണ് പദ്ധതി. ഇതിനായി ഗുജറാത്ത് സർക്കാർ പ്രത്യേകം തുക നീക്കിവെക്കും.
പശു ഉൽപന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനുമായി ചേംബർ ഒാഫ് കോമേഴ്സ്, വ്യവസായ സംഘടനകൾ, പ്രധാനപ്പെട്ട കമ്പനികൾ തുടങ്ങിയവയുമായി ‘ഗോ സേവ ആയോഗ്’ എന്ന സംഘടന ചർച്ചകളും കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. നഗരപ്രദേശങ്ങളിൽ അടക്കം പശു ഉൽപന്നങ്ങൾ ഒാൺലൈൻ ആയും കടകളിലൂടെയും വിൽപന നടത്തുമെന്നും പശുപരിപാലനത്തിനായി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെകൂടി ഉൾപ്പെടുത്തുമെന്നും പറയുന്നു. പുതിയ ഗോ സംരക്ഷണ നിയമത്തെക്കുറിച്ചും വ്യവസായ സംരംഭങ്ങളെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ‘ഗോ സന്ദ് സമ്മേളൻ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി കൂട്ടായ്മകൾ സംഘടിപ്പിക്കാനും ‘ഗോ രക്ഷാ ജൻ ജാഗ്രതി യാത്ര’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി യാത്ര നടത്താനും ബി.ജെ.പി ഉദ്ദേശിക്കുന്നു.
പശു ഉൽപന്നങ്ങൾക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്ന് ‘ഗോ സേവാ ആയോഗി’െൻറ ചെയർമാൻ ഡോ. വല്ലഭ കതാരിയ പറഞ്ഞു. പ്രധാനപ്പെട്ട വ്യവസായ സംരംഭകർ, വ്യവസായ സംഘടനകൾ തുടങ്ങിയവയെ പദ്ധതി നടത്തിപ്പിനായി ക്ഷണിക്കുമെന്നും കതാരിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.