ചാണകമടങ്ങിയ കോവിഡ് മരുന്ന്; ഗുജറാത്ത് പരീക്ഷണത്തിനൊരുങ്ങുന്നു
text_fieldsഅഹ്മദാബാദ്: കോവിഡ് സുഖപ്പെടുത്താൻ ചാണകമടങ്ങിയ ആയുർവേദ മരുന്ന് കണ്ടെത്തിയതായി ഗുജറാത്ത് സർക്കാറിന് കീഴിലുള്ള രാഷ്ട്രീയ കാംധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് കതാരിയ. പശുവിൻ ചാണകം, മൂത്രം, പാൽ, വെണ്ണ, നെയ്യ് എന്നിവയടങ്ങിയ പഞ്ചഗവ്യത്തിൽ നിന്നാണ് മരുന്ന് നിർമിച്ചത്.
സർക്കാർ ആശുപത്രിയിലടക്കം ചികിത്സയിലുള്ള കോവിഡ് രോഗികളിൽ ഇതിെൻറ ക്ലിനിക്കൽ പരീക്ഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 10 ആശുപത്രികളിൽ ട്രയൽ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ അടുത്ത ദിവസം തന്നെ ഇത് ആരംഭിക്കും. തുടർന്ന് അഹ്മദാബാദ്, സൂറത്ത്, പുണെ, ഹൈദരാബാദ്, ജോധ്പൂർ എന്നിവിടങ്ങളിലും പരീക്ഷണം നടത്തും. ആധുനിക വൈദ്യശാസ്ത്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മരുന്ന് പരീക്ഷണമെന്നും ഇവർ അറിയിച്ചു.
പാൽ, വെണ്ണ, നെയ്യ്, ചാണകം, മൂത്രം എന്നിവയിൽനിന്ന് ഉരുത്തിരിഞ്ഞ പഞ്ചഗവ്യം വേദങ്ങളിൽ പരാമർശിച്ചതാണെന്നും കാലങ്ങളായി ഇന്ത്യയിൽ ഉപയോഗിക്കുന്നതാണെന്നും കതിരിയ ചൂണ്ടിക്കാട്ടി. ചില രോഗങ്ങൾക്ക് പശുമൂത്രവും ചാണകവും ഗുണകരമാണെന്ന് ആയുർവേദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 ചികിത്സിക്ക് ഇവയിൽനിന്ന് നിർമിച്ച മരുന്നിെൻറ ഫലപ്രാപ്തി പരിശോധിക്കുന്നതിനാണ് ഇപ്പോൾ ഒരുങ്ങുന്നത്.
“പഞ്ചഗവ്യത്തിെൻറ ഫലപ്രാപ്തി ഇന്ത്യയിൽ നൂറ്റാണ്ടുകളായി അറിയപ്പെടുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. കോവിഡിന് മരുന്ന് കണ്ടെത്താൻ ലോകം പാടുപെടുന്ന ഈ സമയത്ത്, പഞ്ചഗവ്യ മരുന്ന് ഗുണം ചെയ്യാൻ സാധ്യതയുണ്ട്” - കതിരിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പരീക്ഷണത്തിന് സമ്മതിക്കുന്ന രോഗികൾക്ക് ഈ മരുന്ന് നൽകുകയും അവരുടെ പുരോഗതി ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യും. ക്ലിനിക്കൽ ട്രയൽ മാനദണ്ഡങ്ങൾ അനുസരിച്ച് താരതമ്യവും വിശകലനവും നടത്തും. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷണം പൂർത്തിയായാൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കും -അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു മരുന്നിെൻറ ക്ലിനിക്കൽ ട്രയൽ ഇതാദ്യമായാണ് നടക്കുന്നതെന്ന് ഗുജറാത്ത് ആയുർവേദ സർവകലാശാല മുൻ പ്രിൻസിപ്പൽ ഡോ. ഹിതേഷ് ജാനി പറഞ്ഞു. പാൽപ്പൊടിക്ക് സമാനമായ രൂപത്തിലാണ് ഞങ്ങൾ ഇപ്പോൾ മരുന്ന് തയ്യാറാക്കിയത്. രോഗിക്ക് വെള്ളമോ പാലോ ഉപയോഗിച്ച് എളുപ്പത്തിൽ കഴിക്കാൻ കഴിയും -അദ്ദേഹം പറഞ്ഞു.
മരുന്ന് ഏത് വൈദ്യശാസ്ത്ര ശാഖയിൽ നിന്നാണ് എന്നതല്ല, എത്രമാത്രം ഫലപ്രദമാണ് എന്നതാണ് നോക്കേണ്ടതെന്ന് അഹ്മദാബാദ് എസ്.ജി.വി.പി ഹോസ്പിറ്റലിലെ ഡോ. സൗമിൽ സാംഘ്വി അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കാൻ ഇതിനകം തന്നെ തങ്ങൾ ചില ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാൽ കൂടുതൽ ആത്മവിശ്വാസത്തോടെ അവ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന് മരുന്ന് കണ്ടെത്താൻ ലോകം മുഴുവൻ പാടുപെടുന്ന സമയത്ത് ഇന്ത്യയുടെ പുരാതന ശാസ്ത്രം പ്രയോജനപ്പെടുമെന്ന് ഗുജറാത്തിലെ ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. ആളുകൾക്ക് നൽകുന്നതിന് മുമ്പ് ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം വരെ ബാധിക്കാൻ ഇടയുള്ളതിനാൽ കോവിഡ് രോഗികൾക്ക് പെട്ടെന്നുള്ള ആശ്വാസമാണ് ആവശ്യമെന്നും അതിന് അലോപ്പതിയാണ് നല്ലതെന്നും പ്രശസ്ത സർജൻ ഡോ. ദിപക് വഡോദാരിയ പറഞ്ഞു. അലോപ്പതി മരുന്നുകൾ മികച്ച ഫലം നൽകുന്നു. ഇപ്പോൾ ചികിത്സിക്കാനുള്ള ഏക മാർഗം അലോപ്പതിയാണ്. ശാസ്ത്രീയ തെളിവ് ലഭിക്കുന്നതുവരെ, ആയുർവേദത്തേക്കാൾ അലോപ്പതി മരുന്നാണ് ഞാൻ ഇഷ്ടപ്പെടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.