ഗുജറാത്ത് വംശഹത്യ: 10 കേസുകളിൽ ഇനി അന്വേഷണമില്ല
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ അടക്കം നൽകിയ 10 കേസുകളിൽ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. നരേന്ദ്ര മോദി അടക്കമുള്ള ഗുജറാത്ത് സർക്കാറിലെ ഉന്നതരെ കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഭാവിയിൽ ഒരന്വേഷണത്തിനും പഴുതില്ലാതാക്കിയ നീക്കത്തിൽ പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ തിരക്കിട്ട നടപടി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധികാരമേറ്റ് രണ്ടാം ദിവസമാണ് അദ്ദേഹംതന്നെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഗുജറാത്ത് വംശഹത്യയിൽ ഇനിയൊരന്വേഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കിയത്.
2002ലെ വംശഹത്യക്ക് പിന്നാലെ സമർപ്പിച്ചിട്ടും രണ്ട് പതിറ്റാണ്ട് പരിഗണിക്കപ്പെടാതെ കിടന്ന ആവശ്യമാണ് കോടതി തള്ളിയത്. ഏറെ വിമർശനങ്ങളേറ്റുവാങ്ങിയ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) നടത്തിയ അന്വേഷണംതന്നെ ഗുജറാത്ത് വശഹത്യക്കേസുകളിൽ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, ജെ.ബി. പർദീവാല എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിന്റെ വിധി. വംശഹത്യ കേസുകളിൽ നടന്ന അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥകളും വീഴ്ചകളും ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമീഷൻ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് അവസാനിപ്പിച്ചതിൽ പ്രധാനം.
മോദി അടക്കമുള്ളവർക്ക് വംശഹത്യയിലുള്ള പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് വംശഹത്യ ഇരകൾക്കായി ടീസ്റ്റ സെറ്റൽവാദിന്റെ സർക്കാറിതര സന്നദ്ധസംഘടനയായ 'സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്' (സി.ജെ.പി) സമർപ്പിച്ചതാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അവസാനിപ്പിച്ച വംശഹത്യ കേസ് ഫയലുകളിൽ മറ്റൊന്ന്. അന്ന് ഗുജറാത്ത് പൊലീസ് നടത്തിയിരുന്ന അന്വേഷണം സി.ബി.ഐക്ക് വിടാനായിരുന്നു 2003ൽ സമർപ്പിച്ച ഹരജിയിൽ ടീസ്റ്റ ആവശ്യപ്പെട്ടിരുന്നത്.
പ്രത്യേക അന്വേഷണസംഘത്തിനുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ റോഹ്തഗി ഗുജറാത്ത് വംശഹത്യയിൽ തങ്ങൾ അന്വേഷിച്ച ഒമ്പത് കേസുകളിൽ നരോദ പാട്യ കൂട്ടക്കൊല ഒഴികെ എല്ലാം പൂർത്തിയായെന്ന് ബോധിപ്പിച്ചു. മറ്റു കേസുകളിൽ വിചാരണ പൂർത്തിയാകുകയും അപ്പീലുകൾ ഹൈകോടതിയിലോ സുപ്രീംകോടതിയിലോ എത്തുകയും ചെയ്തുവെന്നും റോഹ്തഗി വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഈ ഹരജികളെല്ലാം അസാധുവായതായി വിധിച്ചു. ഈ ഹരജികളൊന്നും സുപ്രീംകോടതി ഇനിയും ഏറെനാൾ വെച്ചിരിക്കേണ്ട ആവശ്യമില്ലെന്നും അവ നിയമസാധുതയില്ലാത്തതായി കണ്ട് തീർപ്പാക്കി കേസ് ഫയലുകൾ അവസാനിപ്പിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.