അമിത് ഷായുടെ ആരോപണത്തിന് പിന്നാലെ ടീസ്റ്റ സെറ്റൽവാദിനെ തേടി ഗുജറാത്ത് പൊലീസ് മുംബൈയിലെ വീട്ടിൽ
text_fieldsമുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ മുംബൈ ജുഹുവിന് സമീപത്തെ വീട്ടിൽ ഗുജറാത്ത് പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ് വെളിപ്പെടുത്തി. വ്യാജരേഖ ചമച്ചതിന് ടീസ്റ്റക്കെതിരെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചതായും അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് ശ്രമമെന്നുമാണ് അറിയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പൊലീസ് എത്തിയത്.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ടീസ്റ്റ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിന്റെ വരവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഉന്നയിച്ച ആരോപണങ്ങൾ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ സഹ ഹരജിക്കാരിയായ ടീസ്റ്റ സാകിയ ജാഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശമുണ്ടായിരുന്നു. കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ ഒഴിവാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ചോദ്യം ചെയ്ത് സാകിയ ജാഫ്രി നൽകിയ ഹരജിയും കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.