ആർ.ബി. ശ്രീകുമാറിനെതിരായ ആരോപണം ആവർത്തിച്ച് ഗുജറാത്ത് പൊലീസ്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെതിരെ ആരോപണങ്ങൾ തുടർന്ന് ഗുജറാത്ത് പൊലീസ്. ശ്രീകുമാർ അസംതൃപ്തനായ ഉദ്യോഗസ്ഥനായിരുന്നെന്നും 2002ലെ ഗുജറാത്ത് വർഗീയകലാപത്തിൽ നിഷ്കളങ്കരായവരെ പ്രതിസ്ഥാനത്താക്കാനുള്ള വിശാല ഗൂഢാലോചനയിൽ അദ്ദേഹം ഭാഗമായെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ മാസമാണ് എസ്.ഐ.ടി ശ്രീകുമാറിനെയും ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റുചെയ്തത്. അഡീഷനൽ പ്രിൻസിപ്പൽ ജഡ്ജി ഡി.ഡി. തക്കർ മുമ്പാകെയുള്ള ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ എസ്.ഐ.ടി സമർപ്പിച്ച പ്രതികരണത്തിലാണ് അവർ ആരോപണങ്ങൾ തുടർന്നത്. ഹീനലക്ഷ്യങ്ങളുമായി ഗുജറാത്തിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥ സംവിധാനത്തെയും പൊലീസിനെയും താറടിക്കാനാണ് ശ്രീകുമാർ ശ്രമിച്ചതെന്ന് എസ്.ഐ.ടി പറയുന്നു.
ശ്രീകുമാറും മറ്റുള്ളവരും ചേർന്നുള്ള ഗൂഢാലോചനയെന്ന ആരോപണം ശരിവെക്കുന്ന കാര്യങ്ങൾ തങ്ങൾ നടത്തിയ ഹ്രസ്വാന്വേഷണത്തിൽതന്നെ വ്യക്തമായി. ഇതിൽ ടീസ്റ്റക്കും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനും പങ്കുണ്ട്. ഗോധ്രയിൽ ട്രെയിനിന് തീയിട്ട സംഭവമുണ്ടായ 2002 ഫെബ്രുവരി 27നുശേഷമുള്ള ദിനങ്ങളിൽതന്നെ ശ്രീകുമാർ ഗൂഢാലോചനയിൽ പങ്കാളിയായി തുടങ്ങി. ഇതിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷയുടെ ഉപദേശകനും അന്ന് എം.പിയുമായിരുന്ന അഹ്മദ് പട്ടേലിന്റെ നിർദേശങ്ങൾ ഇവർക്ക് ലഭിച്ചു.
സാക്ഷികളെ പഠിപ്പിക്കുന്നതിലും അവരെ സമ്മർദത്തിലാക്കുന്നതിലും ശ്രീകുമാറിന് പങ്കുണ്ട്. സാക്ഷിമൊഴി ഇതിന് തെളിവായുണ്ട്. കേസിലെ സുപ്രീംകോടതി വിധിയിലെ പരാമർശങ്ങളും എസ്.ഐ.ടി കോടതി മുമ്പാകെ അവതരിപ്പിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശ്രീകുമാറിന്റെയും ടീസ്റ്റയുടെയും ജാമ്യഹരജികളിൽ കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.