ഗുജറാത്തിൽ എ.എ.പിയുടെ വിജയം ഉറപ്പെന്ന് അരവിന്ദ് കെജ്‍രിവാൾ
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ വിജയം സുനിശ്ചിതമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മിനിട്ടുകൾക്ക് ശേഷമാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
വലിയൊരു മാറ്റത്തിന് തയാറായിരിക്കയാണ് ഗുജറാത്തിലെ ജനങ്ങളെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ തട്ടകത്തിൽ അട്ടിമറി വിജയം നേടാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെജ്‍രിവാൾ. 20 വർഷമായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്.
മോർബിയിൽ തൂക്കുപാലം തകർന്ന് 130ലേറെ ആളുകൾ മരിച്ച സംഭവവും എ.എ.പി തെരഞ്ഞെടുപ്പിൽ ആയുധമാക്കുന്നുണ്ട്. 182 സീറ്റിൽ 90-95 സീറ്റ് എ.എ.പിക്ക് ഉറപ്പുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ 140-150 സീറ്റുകൾ ലഭിച്ചേക്കും -എന്നായിരുന്നു എ.എ.പി വക്താവ് സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. ഇത്തവണ 182നിയമസഭ മണ്ഡലങ്ങളിലേക്കും എ.എ.പി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. 2017ൽ 30 മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയിരുന്നത്. ബി.ജെ.പി ഭരണത്തിൽ ആളുകൾ തളർന്നിരിക്കയാണ്. ഇത്തവണ ഗുജറാത്തിലെ ജനം മാറ്റത്തിനായി നിലകൊള്ളും. പഞ്ചാബിലെ അട്ടിമറി ജയം ഗുജറാത്തിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് എ.എ.പി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി തവണ കെജ്രിവാൾ ഗുജറാത്തിൽ പര്യടനം നടത്തിയിട്ടുണ്ട്. ഗുജറാത്തിൽ ഡൽഹി മോഡൽ വികസനം കൊണ്ടുവരുമെന്നാണ് എ.എ.പിയുടെ വാഗ്ദാനം. കൂടാതെ ഹിന്ദുത്വ കാർഡിറക്കിയും കെജ്‍രിവാളും സംഘവും വോട്ടുപിടിക്കുന്നുണ്ട്.
ഗുജറാത്തിൽ ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം ഡിസംബർ അഞ്ചിനുമായിരിക്കും. ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തിൽ 89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 93 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചിന് പുറത്തിറങ്ങും. രണ്ടാം ഘട്ടം നവംബർ 10ന്. ഒന്നാം ഘട്ട നാമ നിർദേശ പത്രിക നവംബർ 14നും രണ്ടാം ഘട്ടം നവംബർ 18നും സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നവംബർ 15, 18 തീയതികളിൽ നടക്കും. പത്രിക നവംബർ 17, 21 തീയതികളിൽ പിൻവലിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.