ഗുജറാത്ത് തെരഞ്ഞെടുപ്പ്: 43 എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ 43 എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. രാജ്യം ഉറ്റുനോക്കിയ നിർണായക രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അഹ്മദ് പേട്ടലിെൻറ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദവും പ്രലോഭനങ്ങളുമുണ്ടായിട്ടും ഇവർ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്ന് മൂന്നു കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചിരുന്നു. ഇവർ വിമതനായ ശങ്കർസിങ് വഗേലക്കൊപ്പം ചേരുകയും ചെയ്തു. ചീഫ് വിപ്പ് ബൽവന്ത്സിങ് രാജപുത്, തേജശ്രീബൻ പേട്ടൽ, പ്രഹ്ലാദ് പേട്ടൽ എന്നിവരാണ് രാജിവെച്ചത്. ഇതോടെ 182 അംഗ സഭയിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 54 ആയി കുറഞ്ഞു. എം.എൽ.എമാരെ ബി.ജെ.പി വിലക്ക് വാങ്ങിയിട്ടും അഹ്മദ് പേട്ടൽ ജയിച്ചു.
2012ലെ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ 182 സീറ്റിൽ 57 എണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ സാധിച്ചത്. 119 മണ്ഡലങ്ങളിൽ ബി.ജെ.പിയാണ് വിജയിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം വീണ്ടും 57ൽനിന്ന് 43 ആയി ചുരുങ്ങി. വരുന്ന തെരഞ്ഞെടുപ്പിലെ 80 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് സൂചന. മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കൃത്യസമയത്ത് തീരുമാനിക്കുമെന്നും പ്രചാരണത്തിന് ആവശ്യത്തിന് സമയം ലഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.