'ആപ്പിന് വോട്ട് ചെയ്യൂ, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാം'; ഗുജറാത്തിൽ കെജ്രിവാൾ
text_fieldsഗുജറാത്ത് തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി തീർച്ചയായും വിജയിക്കുമെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ഡിസംബർ ഒന്നിന് വോട്ടെടുപ്പ് നടക്കുകയും ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ട്വിറ്ററിലൂടെ ഗുജറാത്തി ഭാഷയിലാണ് ആപ് നേതാവിന്റെ പ്രസ്താാവന.
"ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗവും നിങ്ങളുടെ സഹോദരനുമാണ്. എനിക്ക് ഒരു അവസരം തരൂ. ഞാൻ നിങ്ങൾക്ക് സ്‌കൂളുകളും ആശുപത്രികളും പണിയും. സൗജന്യ വൈദ്യുതി തരാം. നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകും'' -സന്ദേശത്തിൽ കെജ്രിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമനാടായ ഗുജറാത്തിൽ അടിത്തറ പാകാനാണ് ആപ്പിന്റെ കഠിനശ്രമം. 20 വർഷത്തിലേറെയായി ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് സംസ്ഥാനം.
ഒക്‌ടോബർ 30ന് പാലം തകർന്ന് 130ലധികം പേർ മരിച്ച മോർബിയിൽ ബി.ജെ.പിക്കെതിരെ ഉയർന്നത് വലിയ അഴിമതിയാണ്. ഇത് രാഷ്ട്രീയ ആയുധം ആക്കാനും ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നുണ്ട്. "ഇപ്പോൾ, 182 സീറ്റുകളിൽ 90 മുതൽ 95 വരെ ഞങ്ങൾ നേടും. ഈ രീതിയിൽ പോയാൽ ഞങ്ങൾ 140 മുതൽ 150 വരെ സീറ്റുകൾ നേടും" -തീയതി പ്രഖ്യാപനത്തിന് ശേഷം എ.എ.പി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് എൻ.ഡി ടി.വിയോട് പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ സീറ്റിലും ഇക്കുറി ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബി.ജെ.പിയേക്കാൾ കടുത്ത വർഗീയ ധ്രുവീകരണ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡൽഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.