പട്ടേൽ പ്രതിമയിലേക്കുള്ള റോഡ് തവിടുപൊടി!; ശിവജി പ്രതിമ തകർന്നതിനു പിന്നാലെ വീണ്ടും വെട്ടിലായി ബി.ജെ.പി
text_fieldsവഡോദര: കോടികൾ ചിലവിട്ട് നിർമിച്ച മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി പ്രതിമ ഉദ്ഘാടനംകഴിഞ്ഞ് മാസങ്ങൾക്കകം തകർന്നടിഞ്ഞതിനുപിന്നാലെ രാജ്യത്തിന് നാണക്കേടായി മറ്റൊരു തകർച്ച. ഏറെ കൊട്ടിഘ്ഘോഷിച്ച് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് കനത്ത മഴയിൽ തകർന്ന് തരിപ്പണമായി. പപ്പടം കണക്കെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡാണ് ബുധനാഴ്ച തകർന്നത്.
The road leading to the Statue of Unity from Vadodara is into pieces. pic.twitter.com/06DvOJPks2
— Our Vadodara (@ourvadodara) August 28, 2024
2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി തുടക്കം കുറിച്ചതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പദ്ധതി. 2018ലായിരുന്നു അനാച്ഛാദനം. 2,989 കോടി രൂപ ചെലവിൽ നിർമിച്ച ഈ പ്രതിമ കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. നിർത്താതെ പെയ്യുന്ന മഴയും അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതും കാരണമാണ് വഡോദരയിൽനിന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നതെന്‍ അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണി ആരംഭിച്ചതായും റോഡിന്റെ തകർന്ന ഭാഗം പൊളിച്ച് പുനർനിർമ്മാണത്തിന് മാസങ്ങളെടുക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
അതിനിടെ, ഗുജറാത്തിൽ കനത്ത മഴയിൽ കെടുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്ററിലധികം മഴ പെയ്തതോടെ 18 ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി 5 ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 15 പേർ മരിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം.
#modi_ka_guarantee in his home turf on The way to Statue of unity
— R R (@chmod555) August 28, 2024
Reason : Patel was a congressipic.twitter.com/tzLicL4FoD
കഴിഞ്ഞ ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ 35 അടി ഉയരത്തിലുള്ള പ്രതിമയാണ് മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ്കോട്ട് കോട്ടയിൽ തിങ്കളാഴ്ച തകർന്നുവീണത്. പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്. കോടികൾ ചിലവിട്ട പ്രതിമ എട്ടുമാസത്തിനകം തകർന്നതോടെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ശിവജി അനുകൂലികളും രംഗത്തെത്തിയിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലല്ല, നാവികസേനയുടെ മേൽനോട്ടത്തിലായിരുന്നു പ്രതിമയുടെ നിർമാണമെന്ന് പറഞ്ഞ് തടിയൂരാൻ നോക്കുകയാണ് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. തകർന്ന പ്രതിമക്ക് പകരം അതേസ്ഥലത്ത് അതിലും വലുത് നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ നിർമിക്കാനും സ്ഥാപിക്കാനും ഉത്തരവാദികളായ വ്യക്തികൾ കാറ്റിന്റെ വേഗതയും ഉപയോഗിച്ച ഇരുമ്പിന്റെ ഗുണനിലവാരവും പോലുള്ള ഘടകങ്ങൾ അവഗണിച്ചതാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാന സർക്കാറുമായി സഹകരിച്ചാണ് പ്രതിമ നിർമിച്ചതെന്ന് വിശദീകരിച്ച നാവിക സേന, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.