അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ ഗുജറാത്തിലെന്ന് റിപ്പോർട്ടുകൾ
text_fieldsഅഹമ്മദാബാദ്: അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണങ്ങൾ നടന്നത് ഗുജറാത്തിലെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യസഭിയില്‍ പങ്കുവെച്ചത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡി മരണങ്ങളുടെ വിശദാംശങ്ങളാണ് അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചത്. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടവർ ഗുജറാത്തിൽ മാത്രം 80 പേരാണ്. മഹാരാഷ്ട്രയിൽ 76 കേസുകളും ഉത്തർപ്രദേശിൽ 41 കേസുകളും തമിഴ്‌നാട്ടിൽ 40 ഉം ബിഹാറിൽ 38 കേസുകളുമാണ് റിപ്പോർട്ട് ചെയ്യ്തത്.
2017 ഏപ്രിൽ 1നും 2022 മാർച്ച് 31നും ഇടയിൽ ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടവർ ആകെ 669 പേരാണ്. 2017-2018ൽ 146 കേസുകളും 2018-19ൽ 136ഉം 2019-21-ൽ 112 ഉം 2020-21-ൽ 100ഉം 2021-22ൽ 175 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017-18ൽ 14 മരണങ്ങളാണ് ഗുജറാത്തിൽ പൊലീസ് കസ്റ്റഡിയിലുണ്ടായത്. 2018-19ൽ 13 മരണങ്ങളും 2019-20ൽ 12 മരണങ്ങളും 2020-21ൽ 17 മരണങ്ങളും 2021-22ൽ 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. 29 പേർക്കാണ് കസ്റ്റഡി മർദനത്തെ തുടർന്ന് ഡൽഹിൽ ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിൽ 2017-18 കാലയളവിൽ 19 പേരാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2018-19ൽ 11 പേരും 2019-20ൽ മൂന്ന് പേരും 2020-21ൽ 13 പേരും 2021-22ൽ 30 പേരും മരിച്ചു. ഉത്തർപ്രദേശിൽ 2017-18ൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-19ൽ 12, 2019-2020ൽ 3, 2020-2021 8, 2021-22ൽ 8 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും റായ് പറഞ്ഞു.
11 കസ്റ്റഡി മരണങ്ങളാണ് 2017-18 കാലയളവിൽ തമിഴ്നാട്ടിലുണ്ടായത്. 2018-19-ൽ 11ഉം 2019-2020ൽ 12ഉം 2020-21ൽ രണ്ട് മരണങ്ങളും 2021-22ൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിഹാറിൽ, 2017-18ൽ ഏഴ് പൊലീസ് കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-19, 2019-20 വർഷങ്ങളിൽ അഞ്ച് വീതവും, 2020-21ൽ മൂന്ന് മരണങ്ങളും 2021-22ൽ 18 മരണങ്ങളും റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.