ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാറിന് സുപ്രീം കോടതി നോട്ടീസ്. കേസ് ആഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കും.
ഗുജറാത്ത് കലാപക്കേസിൽ ഉന്നതർക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ചാണ് ടീസ്റ്റ സെറ്റൽവാദിനെതിരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് കേസ് എടുത്തത്. ജൂൺ 25ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്ത ടീസ്റ്റ ഇപ്പോഴും തടവിൽ തുടരുകയാണെന്ന് ടീസ്റ്റക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. സൊഹ്റാബുദ്ധീൻ കൊലപാതകക്കേസിൽ ചില പ്രതികൾക്ക് വേണ്ടി താൻ ഹാജരായിട്ടുണ്ടെന്നും ഈ കേസിൽ വാദം കേൾക്കുന്നതിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടോ എന്നും ജസ്റ്റിസ് യു.യു. ലളിത് ടീസ്ററയുടെ അഭിഭാഷകനായ കപിൽ സിബലിനോട് ചോദിച്ചു. തനിക്ക് എതിർപ്പില്ലെന്ന് കപിൽ സിബൽ അറിയിച്ചതിനെ തുടർന്നാണ് കേസിൽ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവർ കൂടി അടങ്ങിയ ബെഞ്ച് വാദം കേട്ടത്.
ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെറ്റൽവാദിനെതിരെ കേസ് എടുത്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകിയുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ, ആഭ്യന്തരമന്ത്രി അമിത് ഷാ ടീസ്റ്റയുടെ എൻ.ജി.ഒ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. കേസിൽ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹഹരജിക്കാരിയായിരുന്നു ടീസ്റ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.