ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന: മോദിക്കെതിരായ ഹരജിയിൽ വിധി 21ന്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചനയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിെയയും മറ്റ് 59 പേരെയും പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന ഹരജിയിൽ ഗുജറാത്ത് ഹൈകോടതി ആഗസ്റ്റ് 21ന് വിധിപറയും. ഗുജറാത്ത് കലാപത്തിൽ തീയിട്ടുകൊന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിെൻറ നേതൃത്വത്തിലുള്ള സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടനയുമാണ് ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹരജി നൽകിയത്.
ഗൂഢാലോചനയിൽ മോദിക്കും മറ്റ് 59 പേർക്കും പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സകിയ ജാഫരി ഹൈകോടതിയെ സമീപിച്ചത്. ഹരജിയിലെ വാദം ജൂലൈ മൂന്നിന് പൂർത്തിയായിരുന്നു. ബുധനാഴ്ച വിധി പറയാനായിരുന്നു ഹൈകോടതി ജഡ്ജി ജസ്റ്റിസ് സോണിയ ഗോഖാനി തീരുമാനിച്ചത്. ഇതാണ് 21ലേക്ക് മാറ്റിയത്. കേസിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലാണ് ജനക്കൂട്ടം ഇഹ്സാൻ ജാഫരി ഉൾപ്പെടെ 68 പേരെ കൊലപ്പെടുത്തിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാൽ, റിപ്പോർട്ട് തള്ളാനോ പുനരന്വേഷണത്തിനോ മജിസ്ട്രേറ്റ് തയാറായില്ലെന്ന് സകിയ ജാഫരിയുടെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. കീഴ്കോടതി സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അവഗണിച്ചുവെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന സാക്ഷികളുടെ മൊഴി പരിഗണിച്ചില്ലെന്നും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പ്രധാന സാക്ഷികളായ സഞ്ജീവ് ഭട്ട്, ആർ.ബി. ശ്രീകുമാർ, രാഹുൽ ശർമ എന്നിവരുടെ മൊഴികളും തെഹൽക മാഗസിെൻറ കണ്ടെത്തലുകളുമാണ് അവഗണിച്ചത്.
2013 ഡിസംബറിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സകിയ ജാഫരിയുടെ ഹരജി തള്ളിയത്. ഇതേ തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്. മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കൂടാതെ ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതിചേർക്കണമെന്നാണ് സകിയ ജാഫരി ഹരജിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.