വിദേശ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല
text_fieldsഅഹമ്മദാബാദ്: ഹോസ്റ്റൽ പരിസരത്ത് തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ ഏഴ് വിദേശ വിദ്യാർഥികളോട് ഹോസ്റ്റൽ മുറി ഒഴിയാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആറു വിദ്യാർഥികളോടും ആഫ്രിക്കയിൽ നിന്നുള്ള ഒരാളോടുമാണ് ഹോസ്റ്റൽ ഒഴിയാൻ സർവകലാശാല ആവശ്യപ്പെട്ടത്. ഇവരുടെ കോഴ്സ് പൂർത്തിയായതാണെന്ന് സർവകലാശാല അധികൃതർ പറയുന്നു.
അഞ്ചു വിദ്യാർഥികൾ ഇതിനകം ഹോസ്റ്റൽ ഒഴിഞ്ഞുവെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. വിദേശ വിദ്യാർഥികൾ കോഴ്സ് കഴിഞ്ഞശേഷവും ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹോസ്റ്റൽ മുറി ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് സർവകലാശാല വൈസ് ചാൻസലർ നീർജ ഗുപ്ത പറഞ്ഞു. വിദേശ വിദ്യാർഥികൾക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു. സംഭവത്തെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം വിഷയം ഏറ്റെടുക്കുകയും അഫ്ഗാൻ കോൺസുലേറ്റിൽ നിന്നുള്ള പ്രതിനിധി സംഘം സർവകലാശാല സന്ദർശിക്കുകയും ചെയ്തിരുന്നു.
മാർച്ച് 16ന് രാത്രിയായിരുന്നു സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പുറത്ത് നിന്നുള്ള ആളുകൾ ജയ്ശ്രീറാം വിളികളും ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറുകയും റമദാൻ മാസത്തിൽ നമസ്ക്കാരം നടത്തിയ വിദേശ വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തത്. തുടർന്ന് ശ്രീലങ്ക, താജിക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.