ഗുജറാത്ത്: കോൺഗ്രസിന്‍റെ വിജയം സുനിശ്ചിതം -രാഹുൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം അഹ്മദാബാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിന്‍റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കൊളജുകളും ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നത്. 22 വർഷമായി ഗുജറാത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബി.ജെ.പി നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയങ്ങൾ കോൺഗ്രസ് ശരിയാക്കിയെടുക്കുമെന്നും രാഹുൽ പറഞ്ഞു.
താൻ ഗുജറാത്തിെല ക്ഷേത്രങ്ങൾ മാത്രം സന്ദർശിച്ചു എന്നത് ബി.ജെ.പി ഉണ്ടാക്കിയ കഥയാണ്. തനിക്കെന്ത് കൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിച്ചൂകൂടാ. കേദാർനാഥ് ക്ഷേത്രവും സന്ദർശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാർഥനയാണ് താൻ നടത്തിയത്. ക്ഷേത്രത്തിൽ പോകുന്നത് തെറ്റാണോയെന്നും രാഹുൽ ചോദിച്ചു.
മണി ശങ്കർ ഐയ്യർ മോശം പരാമർശം നടത്തിയ വിഷയത്തിൽ കോൺഗ്രസ് നടപടി സ്വീകരിച്ചു. എന്നാൽ മൻമോഹൻ സിങ്ങിനെതിരെ മോദി നടത്തിയ പരാമർശങ്ങളും അംഗീകരിക്കാനാവില്ല. കോൺഗ്രസ് പാർട്ടിയെ ശക്തമാക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. അക്കാര്യം ഗുജറാത്ത് തെരഞ്ഞടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.