ഗുജറാത്ത് തെരഞ്ഞെടുപ്പിന് വിവിപാറ്റ്: സുപ്രീംകോടതി കേന്ദ്രത്തിെൻറ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നുകിൽ ബാലറ്റ് പേപ്പറോ അല്ലെങ്കിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിനൊപ്പം വിവിപാറ്റോ (വോട്ടർ വെരിഫയബ്ൾ പേപ്പർ ഒാഡിറ്റ് ട്രയൽ) ഉപയോഗിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിെൻറയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും മറുപടി തേടി.
പാട്ടീദാർ അനാമത് ആന്ദോളൻ സമിതി കൺവീനർ രേഷ്മ വിത്താഭായ് പേട്ടൽ ആണ് ഹരജി നൽകിയത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എസ്.കെ. കൗളും അടങ്ങിയ ബെഞ്ച് നാലാഴ്ചക്കകം മറുപടി ആവശ്യപ്പെട്ടാണ് കേന്ദ്രത്തിനും മുഖ്യതെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് നൽകിയത്. ഗുജറാത്ത് സർക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ജൂലൈ ആദ്യവാരം വാദംകേൾക്കും. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഹരജി. ഗുജറാത്ത് ഹൈകോടതി ഏപ്രിൽ 12ന് ഹരജി തള്ളിയിരുന്നു. 2015ൽ നടന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സമുദായത്തിൽനിന്നുള്ള ആയിരക്കണക്കിനാളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായും ഹരജിയിൽ ആേരാപിച്ചു. ഭാവിയിൽ ഇത്തരം നീക്കമുണ്ടാകുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.