സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി വ്യവസായിയും ഭാര്യയും
text_fieldsഅഹ്മദാബാദ്: സന്യാസം സ്വീകരിക്കാൻ 200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി വ്യവസായിയും ഭാര്യയും. ഹിമ്മത്ത് നഗറിലെ ജൈനമത വിശ്വാസികളായ ബവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സമ്പത്ത് മുഴുവൻ ദാനം ചെയ്തത്. ഈ മാസം അവസാനം നടക്കുന്ന പ്രത്യേക ചടങ്ങിലൂടെ സന്യാസ ജീവിതം ഔദ്യോഗികമായി സ്വീകരിക്കും. ശേഷം നഗ്നപാദരായി മോക്ഷത്തിനായുള്ള യാത്രക്കൊരുങ്ങുകയാണ് ദമ്പതികൾ.
കെട്ടിട നിർമാണ ബിസിനസുകാരനായ ബവേഷും ഭാര്യയും 19കാരിയായ മകളുടെയും 16കാരനായ മകന്റെയും പാത പിന്തുടർന്നാണ് ആത്മീയ പാത തെരഞ്ഞെടുത്തത്. 2022ലാണ് മക്കൾ സന്യാസ ജീവിതം സ്വീകരിച്ചത്.
സന്യാസ ജീവിതം സ്വീകരിച്ച ശേഷം ദമ്പതികൾ എല്ലാ കുടുംബ ബന്ധങ്ങളും വിച്ഛേദിക്കുകയും ഭൗതിക വസ്തുക്കൾ ഉപേക്ഷിക്കുകയും ചെയ്യും. പിന്നീട് ഇന്ത്യയിലുടനീളം നഗ്നപാദനായി സഞ്ചരിക്കുകയും ഭിക്ഷയെടുത്ത് ജീവിക്കുകയും ചെയ്യും. ജൈന സന്യാസിമാർ ഉപയോഗിക്കുന്ന രണ്ട് വെള്ള വസ്ത്രങ്ങൾ, ദാനം സ്വീകരിക്കാനുള്ള പാത്രം, വെള്ള ചൂൽ എന്നിവ മാത്രമാകും അഹിംസാ മാർഗം സ്വീകരിക്കുന്ന ഇവർ കൊണ്ടുനടക്കുക.
ഭണ്ഡാരി ദമ്പതികളും മറ്റ് 35 പേരും ചേർന്ന് നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയാണ് മൊബൈൽ ഫോണുകൾ ഉൾപ്പെടെ ദാനം ചെയ്തത്. രാജകീയ വസ്ത്രം ധരിച്ച രഥത്തിലായിരുന്നു ദമ്പതികളുടെ ഘോഷയാത്ര. ഇതിന്റെ വിഡിയോകൾ പുറത്തുവന്നിരുന്നു.
ജൈനമതത്തിൽ, 'ദിക്ഷ' സ്വീകരിക്കുന്നത് പ്രധാന സമർപ്പണ മാർഗമാണ്. വ്യക്തി ഭൗതിക സൗകര്യങ്ങളൊന്നുമില്ലാതെ, ഭിക്ഷകളിൽ അഭയം തേടി രാജ്യത്തുടനീളം നഗ്നപാദനായി അലഞ്ഞുനടക്കുകയാണ് ഇവർ ചെയ്യുക.
കഴിഞ്ഞ വർഷം ഗുജറാത്തിലെ അതിസമ്പന്നനായ വജ്രവ്യാപാരിയും ഇതേ രീതിയിൽ സന്യാസ ജീവിതം സ്വീകരിച്ചിരുന്നു. 2017ൽ മധ്യപ്രദേശിലെ യുവദമ്പതികൾ 100 കോടി ദാനം ചെയ്തും സന്യാസ ജീവിതത്തിൽ അഭയം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.