വിവാദ നിയമങ്ങൾക്കെതിരെ സമരപാതയിലേക്ക് ഗുജറാത്തി കർഷകരും
text_fieldsഅഹ്മദാബാദ്: ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോടൊപ്പം ചേരാനുള്ള ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ തടസ്സം തീർക്കുന്നതിനിടെ ഹോളി ദിനം മുതൽ കർഷക വിരുദ്ധ വിവാദ നിയമങ്ങൾക്കെതിരെ സമര-ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി പ്രധാനമന്ത്രിയുടെ നാട്ടിലെ കർഷക കൂട്ടായ്മകൾ.
ഗുജറാത്തിലെ 33 ജില്ലകളിലും രണ്ടാഴ്ച നീളുന്ന കാമ്പയിനാണ് പുതുതായി രൂപവത്കരിച്ച ഗുജറാത്ത് കിസാൻ ആന്ദോളൻ സംഘർഷ് മഞ്ച് സംഘടിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി ഞായറാഴ്ച വൈകീട്ട് കാർഷിക നിയമത്തിെൻറ പകർപ്പുകൾ സംസ്ഥാന വ്യാപകമായി കത്തിച്ചു. കർഷക സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്ക് ഡൽഹിയിൽ സ്മാരകമൊരുക്കുന്നതിന് 150 ഗ്രാമങ്ങളിൽനിന്ന് മണ്ണ് ശേഖരിക്കുന്ന മിട്ടി സത്യഗ്രഹ യാത്ര തിങ്കളാഴ്ചയാരംഭിക്കും. ദണ്ഡിയിലാണ് സത്യഗ്രഹികൾ ഒത്തുചേരുക.
ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് നടത്തുന്ന ഗുജറാത്ത് സന്ദർശനത്തോടെ സമരം സംസ്ഥാനമാകമാനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷക-പൗരാവകാശ നേതാക്കൾ. എന്നാൽ, ടിക്കായത്തിെൻറ സന്ദർശനത്തിനും യോഗങ്ങൾക്കും അനുമതി നിഷേധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കേന്ദ്രം ഏതുവിധേനയും തടയിടാൻ നോക്കിയാലും ടിക്കായത്ത് എത്തുകയും കർഷകരും ഗ്രാമീണരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് പൊതുപ്രവർത്തകൻ ദേവ് ദേശായി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.