ഗുജറാത്ത്: വ്യാജവാറ്റിനെതിരെ യുവനേതാക്കൾ; കള്ളക്കേസെന്ന് ആക്ഷേപം
text_fieldsഅഹ്മദാബാദ്: കള്ളവാറ്റും മദ്യവിൽപനയും നടത്തുന്ന വീട്ടിൽ ഗുജറാത്തിലെ യുവനേതാക്കളുടെ നേതൃത്വത്തിൽ മിന്നൽപരിശോധന. പട്ടീദാർ നേതാവ് ഹാർദിക് പേട്ടലും എം.എൽ.എമാരായ അൽപേഷ് താക്കുറും ജിഗ്നേഷ് മേവാനിയും സഹപ്രവർത്തകരുമാണ് റെയ്ഡ് നടത്തിയത്. അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുക്കുകയും ചെയ്തു.
അതേസമയം, മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് നീക്കമെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്തെത്തി. യുവനേതാക്കളുടെ നേതൃത്വത്തിൽ മദ്യം കൊണ്ടുവെച്ചതാണെന്നും തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നുമാണ് വീട്ടമ്മയുടെ വാദം. പുരുഷന്മാരാരുമില്ലാത്ത നേരത്ത് വീട്ടിൽ അതിക്രമിച്ചുകയറിയതിന് ഇവർക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് സൂപ്രണ്ട് ഒാഫിസിന് സമീപമാണ് സംഭവം. വീട്ടമ്മയുടെ പരാതിപ്രകാരം, മൂന്ന് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 12പേർക്കെതിരെയും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഗാന്ധി വാണ ഗുജറാത്തിൽ മദ്യമാഫിയക്കും അതിന് ഒത്താശചെയ്യുന്ന പൊലീസിനും എന്തും ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഗുജറാത്ത് സർക്കാറെന്ന് ഹാർദിക് ട്വിറ്ററിൽ കുറിച്ചു. വ്യാജമദ്യം കഴിച്ച് നാലുപേർ ആശുപത്രിയിലായത് അറിഞ്ഞാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജമദ്യത്തിനെതിരെ വിരലനക്കാത്ത സർക്കാറിനെതിരായ പ്രക്ഷോഭത്തിെൻറ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.